ടി.പി. വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; മൂന്നുമാസത്തിനിടെ പരോൾ ലഭിക്കുന്നത് രണ്ടാംതവണ
text_fieldsടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. ടി.പി വധക്കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോൾ ലഭിച്ചത്. 15 ദിവസത്തേക്ക് പരോൾ അനുവദിച്ചിരിക്കുന്നത്.
മറ്റൊരു പ്രതിയായ ടി.കെ. രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ജനുവരി 10 വരെയാണ് പരോൾ അവസാനിക്കുക. അടുത്ത ബന്ധുക്കളുടെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് രജീഷ് പരോളിന് അപേക്ഷ നൽകിയത്. കേസിലെ നാലാംപ്രതിയാണ് രജീഷ്.
മൂന്നുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ടി.പി കേസിലെ പ്രതികൾക്ക് പരോൾ ലഭിക്കുന്നത്. അതേസമയം, തടവുകാർക്ക് ലഭിക്കുന്ന സ്വാഭാവിക പരോൾ മാത്രമാണ് ഇതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ടി.പി കേസ് പ്രതികൾക്ക് അനർഹമായി പരോൾ അനുവദിക്കുന്നതായി ആരോപണമുയർന്നിരുന്നത്. കൊടി സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് വഴിവിട്ട രീതിയിൽ പരോൾ അനുവദിക്കാൻ ജയിൽ ഡി.ഐ.ജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ടി.പി. വധക്കേസിലെ മറ്റ് പ്രതികളായ കൊടി സുനിയും മറ്റും പൊലീസ് ഒത്താശയിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. ഇവരെ മറ്റൊരു കേസിൽ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിലെത്തിച്ചശേഷം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. തലശ്ശേരിയിലെ ബാറിന് മുന്നിലാണ് മൂന്ന് പ്രതികൾ പൊലീസ് സാന്നിധ്യം പോലുമില്ലാതെ മദ്യപിച്ചത്.
മാഹി ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ടാണ് ടി.പി കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ ജൂലൈ 17ന് തലശ്ശേരിയിൽ എത്തിച്ചത്. കോടതിയിൽനിന്ന് മടങ്ങുമ്പോഴാണ് ഉച്ചഭക്ഷണത്തിന് എന്ന വ്യാജേന തലശ്ശേരി ടൗണിലെ ബാറിന് സമീപത്ത് പൊലീസ് ജീപ്പ് നിർത്തിയത്. അതിനടുത്ത് നിർത്തിയിട്ട കാറിൽനിന്നാണ് മദ്യവും ഭക്ഷണവും കഴിക്കുന്നത്.ടി.പി കേസിലെ പ്രതികൾക്ക് ജയിലിൽ വഴിവിട്ട സഹായം ലഭിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് മറ്റൊരു പ്രതിക്ക് പരോൾ ലഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

