ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ: പരാതിപ്പെട്ട വീട്ടുകാരനെതിരെ സൈബർ ആക്രമണം
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തത്തിലെ അതിജീവിതർക്കായി കൽപറ്റയിൽ സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ ഉണ്ടെന്ന് പറഞ്ഞ വീട്ടുടമസ്ഥനായ ചൂരൽമലയിലെ നൗഫലിനെതിരെ രൂക്ഷമായ സൈബർ ആക്രമണം. ദുരന്തത്തിൽ അനിയനും ജ്യേഷ്ഠനുമടക്കം കുടുംബത്തിലെ 16 പേരെ നഷ്ടപ്പെടുകയും പുതിയ വീട് തകരുകയും ചെയ്ത നൗഫലിന് ടൗൺഷിപ്പിലെ ആദ്യഘട്ടത്തിലുള്ള 178 വീടുകളിലെ ഫേസ് ഒന്നിലെ എ 8 എന്ന വീടാണ് ലഭിച്ചത്.
ഈ വീടിന്റെ മേൽക്കൂരയിൽ വിള്ളലുണ്ടാവുകയും ഡൈനിങ് റൂമിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുകയും ചെയ്തിരുന്നു. വിവരം നേരത്തേ തന്നെ ഊരാളുങ്കൽ അധികൃതരെ നൗഫൽ അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീടും വെള്ളം കിനിഞ്ഞിറങ്ങിയതോടെ നൗഫൽ മാധ്യമങ്ങൾക്ക് മുന്നിൽ വിവരങ്ങൾ അറിയിച്ചു. ഇതോടെയാണ് നൗഫലിനെതിരെ കടുത്ത സൈബർ ആക്രമണം നടക്കുന്നത്.
കോൺഗ്രസ് നിർമിക്കുന്ന വീട് വാങ്ങാനും ടൗൺഷിപ് ഒഴിവാക്കി 15 ലക്ഷം രൂപ സർക്കാറിൽനിന്ന് പറ്റാനുമാണ് നൗഫലിന്റെ ശ്രമമെന്നും അദ്ദേഹത്തെ ടൗൺഷിപ്പിൽനിന്ന് പുറത്താക്കണമെന്നുമടക്കമുള്ള ആക്ഷേപമാണ് ഇടത് കേന്ദ്രങ്ങളിൽനിന്ന് ഉണ്ടാകുന്നത്.
കോൺഗ്രസ് പ്രവർത്തകനായ താൻ, സർക്കാറിൽ വിശ്വസിക്കുന്നുണ്ടെന്നും അതിനാലാണ് ടൗൺഷിപ്പിൽ തന്നെ വീട് വേണമെന്ന് നേരത്തേ തീരുമാനിച്ചതെന്നും നൗഫൽ പറഞ്ഞു. തന്റെ വീടിന് വിള്ളൽ ഉണ്ടെന്ന കാര്യം ഉത്തരവാദപ്പെട്ടവരോടാണ് പറഞ്ഞത്. സൈബർ ആക്രമണങ്ങൾക്കെതിരെ പരാതി നൽകാനാണ് തീരുമാനം.
അതിനിടെ, ദുരന്തബാധിതർക്ക് വീടുകൾ നിർമിക്കാനായി കോൺഗ്രസ് വാങ്ങിയ ഭൂമി ചൂണ്ടിക്കാണിച്ച് ഡി.വൈ.എഫ്.ഐ പ്രതിരോധം തുടങ്ങി. ഞായറാഴ്ച ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ടൗൺഷിപ് സന്ദർശിച്ചു. പണിത വീടുകളിൽ വിള്ളൽ ഉണ്ടായാൽ തന്നെ അത് വലിയ കാര്യമല്ലെന്നും പരിഹരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

