സഞ്ചാരികളുടെ എണ്ണത്തിൽ വർധന: പൊന്മുടിയിലേക്ക് അധിക സർവിസ് നടത്തി കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: പൊന്മുടിയിലേക്ക് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന അനുഭവപ്പെടുന്ന സാഹചര്യത്തിൽ യാത്രാക്ലേശം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ ഞായറാഴ്ച കെ.എസ്.ആർ.ടി.സി മൂന്ന് അധിക സർവിസുകൾ നടത്തി. യാത്രാദുരിതത്തിന് പരിഹാരമായി അധിക സർവിസുകൾ ഷെഡ്യൂൾ ചെയ്യണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിർദേശം നൽകിയതിനെത്തുടർന്നാണ് നടപടി. നെടുമങ്ങാട്, ആര്യനാട്, വെള്ളനാട് ഡിപ്പോകളിൽനിന്നാണ് പൊന്മുടിയിലേക്ക് അധിക സർവിസുകൾ നടത്തിയത്.
നെടുമങ്ങാട് ഡിപ്പോയുടെ ബസ് നെടുമങ്ങാട്ടുനിന്ന് രാവിലെ 9-ന് പൊന്മുടിയിലേക്ക് യാത്ര നടത്തിയശേഷം പിന്നീട് വിതുരയിൽനിന്നു പൊന്മുടിയിലേക്കും തിരിച്ചുമായി ഷട്ടിൽ സർവിസായി ക്രമീകരിച്ചു. വൈകിട്ട് ആറുവരെ റൂട്ടിൽ ആറു ട്രിപ്പുകളാണ് ക്രമീകരിച്ചത്. ബസുകളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പൊന്മുടിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവിസ് അയക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽനിന്ന് ബസ് ഓപ്പറേറ്റ് ചെയ്യാനാണ് സാധ്യത. ആദ്യഘട്ടത്തിലുള്ള സർവിസിന്റെ വരുമാനവും മറ്റും പരിശോധിച്ചശേഷം കൂടുതൽ സർവിസ് ആരംഭിക്കാനാണ് നിർദേശം.
അതേസമയം, കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിലെ തിരക്ക് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നു. സൗജന്യയാത്രക്കെത്തുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ബസുകളിൽ യാത്രക്കാരെ കുത്തിനിറയ്ക്കുന്ന അവസ്ഥയാണ്. തിരക്കുകാരണം ബസിനുള്ളിൽ സൂചികുത്താൻ സ്ഥലമില്ലാത്തതിനാൽ സ്ത്രീകളടക്കമുള്ള യാത്രക്കാർ ഫുട്ബോർഡിൽ തൂങ്ങിനിന്നാണ് യാത്ര ചെയ്യുന്നത്. ഇത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് ആളുകളെ കുത്തിനിറച്ചാണ് പല ബസുകളും യാത്ര പുറപ്പെടുന്നത്. അതിനാൽ മറ്റു സ്റ്റോപ്പുകളിൽ നിർത്തി കാത്തുനിൽക്കുന്ന യാത്രക്കാരെ കയറ്റാനും കഴിയുന്നില്ല. ഇനി അടുത്ത ബസിൽ പോകാമെന്ന് വിചാരിച്ചാലും കാര്യമുണ്ടാകില്ല; ആ ബസും എത്തുന്നത് അമിതമായി യാത്രക്കാരെ കയറ്റിയാണ്. ഇതുകാരണം ബസ് കിട്ടാതെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വീടുകളിലെത്താൻ വൈകുന്നുണ്ട്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സർവിസുകൾ ആരംഭിക്കുകയോ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്നാണ് ആളുകളുടെ ആവശ്യം. അതുമല്ലെങ്കിൽ ഇത്തരം ഭാഗങ്ങളിലേക്ക് സ്വകാര്യ ബസുകൾക്കും സർവിസ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. 50 ആണ് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളുടെ സീറ്റിങ് കപ്പാസിറ്റി. അത്രയും ആളുകൾ നിന്നും യാത്ര ചെയ്യും. പ്രിയദർശിനി സർവിസ് ആരംഭിച്ചതോടെ നിന്ന് യാത്ര ചെയ്യുന്നവരുടെ എണ്ണം 70-ഉം 80-ഉം ആയി. ആകെ യാത്രക്കാരുടെ എണ്ണം 140 വരെ ആയതായി ജീവനക്കാർ പറയുന്നു. ഒരു ദിവസം ഓർഡിനറി ബസിൽ യാത്ര ചെയ്യുന്നവരുടെ ആകെ എണ്ണം 1600 വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

