മൂന്നാറിലെ ‘ആകാശ ഭക്ഷണശാലയിൽ’ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി
text_fields1. രക്ഷാപ്രവർത്തനത്തിന്റെ വിദൂര ദൃശ്യം 2. അടിമാലി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയവരെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തുന്നു
തൊടുപുഴ: മൂന്നാറിലെ ആനച്ചാലിനു സമീപം സ്വകാര്യ കമ്പനിയുടെ സ്കൈ ഡൈനിങ്ങിൽ (ആകാശ ഭക്ഷണശാല) കുടുങ്ങിയ രണ്ടര വയസുള്ള കുഞ്ഞടക്കം നാലംഗ കുടുംബത്തെയും ജീവനക്കാരിയെയും മണിക്കൂറുകൾ നീണ്ട സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി താഴെയെത്തിച്ചു. കോഴിക്കോട് തുരുത്തിയാട് ഡ്രീം സിറ്റി ഫ്ലാറ്റിൽ താമസിക്കുന്ന മുഹമ്മദ് സൗഫാൻ (31), ഭാര്യ സൗഫീന (25), മക്കളായ ഇവാൻ (6), ഇനാര (രണ്ടര), ജീവനക്കാരി ഹരിപ്രിയ (23) എന്നിവരെയാണ് അഗ്നി രക്ഷാ സേനയും പൊലീസും ചേർന്ന് രക്ഷിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്കാണ് സംഭവം. 120 അടി ഉയരത്തിൽ ഇരുന്ന് ദൂരക്കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ കഴിയുന്ന സംവിധാനമാണ് സ്കൈ ഡൈനിങ്ങ്. ക്രെയിനിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിന്റെ സെൻസർ തകരാറിലായതോടെ ഇത് താഴേക്ക് ഇറക്കാൻ കഴിയാതായതാണ് പ്രശ്നമായതെന്ന് പറയുന്നു. നാട്ടുകാർ വഴിയാണ് വിവരം പുറം ലോകം അറിഞ്ഞത്. ഉടൻ ദേവികുളം സബ് കലക്ടർ വിഷയത്തിൽ ഇടപെടുകയും മൂന്നാറിൽ നിന്ന് ഫയർഫോഴ്സും വെള്ളത്തൂവൽ, അടിമാലി എന്നിവിടങ്ങളിൽ നിന്ന് പൊലീസും സ്ഥലത്തെത്തുകയും ചെയ്തു.
ഈ സമയമത്രയും കുട്ടികളടങ്ങുന്ന കുടുംബം ഭയന്ന് വിറച്ചാണ് മുകളിൽ കഴിഞ്ഞത്. സ്കൈ ഡൈനിങ്ങിൽ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരി ഹരിപ്രിയ കൂടെ ഉണ്ടായിരുന്നത് കുടുംബത്തിന് കുറച്ചാശ്വാസമായി. അഗ്നിരക്ഷാസേന എത്തി അടിയിൽ വലവിരിച്ച ശേഷം വടം ഉപയോഗിച്ച് ക്രെയിനിന്‍റെ മുകൾ ഭാഗത്തേക്ക് കയറുകയായിരുന്നു. ആദ്യം കുട്ടികളെയും തുടർന്ന് മുതിർന്നവരെയും താഴെ ഇറക്കി. വൈകിട്ട് അഞ്ചോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്.
ഒരേ സമയം 15 പേരെ കയറ്റാൻ സൗകര്യം ഉണ്ടെങ്കിലും ഒരു കുടുംബം മാത്രമാണ് ഈ സമയം കയറിയത്. രണ്ടുമാസം മുമ്പാണ് ആനച്ചാലിൽ ആകാശ ഭക്ഷണശാല തുറന്നത്. അരമണിക്കൂർ ഇവിടെ ചെലവഴിക്കാൻ മുതിർന്നവർക്ക് ആയിരം രൂപ നൽകണം. കുട്ടികൾക്ക് പണം ഈടാക്കാറില്ല. കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടെ അംഗീകാരമുള്ള സ്ഥാപനമാണിതെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച രേഖകളൊന്നും നടത്തിപ്പുകാർ നൽകിയിട്ടില്ലെന്ന് വെള്ളത്തൂവൽ എസ്.എച്ച്.ഒ അജിത് കുമാർ പറഞ്ഞു.
പ്രവീൺ എന്നയാളാണ് നടത്തിപ്പുകാരനെന്നാണ് ലഭിച്ച വിവരം. രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ കേസെടുത്തതായും എസ്.എച്ച്.ഒ പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലം ക്രെയിന്‍ താഴ്ത്താന്‍ പറ്റാത്തതാണ് പ്രശ്‌നമായതെന്ന് പൊലീസ് വ്യക്തമാക്കി. ഇടുക്കി ഡിവൈ.എസ്.പി രാജൻ കെ.അരമനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

