വിനോദസഞ്ചാരികളായ കുടുംബത്തെ ആക്രമിച്ചു; 14 അംഗ സംഘം പിടിയിൽ
text_fieldsകട്ടപ്പന: അഞ്ചുരുളിയില്‍ വിനോദസഞ്ചാരത്തിനെത്തിയ നാലംഗ കുടുംബത്തെയും നാട്ടുകാരെയും ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 14 അംഗ സംഘം അറസ്റ്റിൽ. വണ്ടന്‍മേട് മാലി സ്വദേശികളാണ് പിടിയിലായത്. ഇവര്‍ എത്തിയ രണ്ട് ടാറ്റ സുമോ കാറുകളും കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമി സംഘത്തിന്‍റെ മർദനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി തപസ്യ രജിത്ത് രാജു, ഭാര്യ കവിത, രണ്ട് മക്കള്‍ എന്നിവർക്കും അഞ്ചുരുളിയിലെ രണ്ട് വ്യാപാരികൾക്കും കാക്കാട്ടു കടയിലെ മൂന്ന് നാട്ടുകാർക്കുമാണ് മർദനമേറ്റത്. ഇവർ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ വാഗമൺ സന്ദർശിച്ചശേഷമാണ് രജിത്തും കുടുംബാംഗങ്ങളും അഞ്ചുരുളിയിലെത്തിയത്. ഈസമയം അക്രമി സംഘം അഞ്ചുരുളി സന്ദർശിച്ചശേഷം മടങ്ങാനൊരുങ്ങുകയായിരുന്നു. സംഘത്തിലൊരാള്‍ കവിതയോട് അപമര്യാദയായി സംസാരിച്ചത് ചോദ്യം ചെയ്ത രജിത്തിനെ മറ്റു സംഘാംഗങ്ങൾ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
ഇതു തടയാൻ ശ്രമിച്ച കവിതയെയും മക്കളെയും സംഘം തള്ളിമാറ്റുകയും ആക്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് വ്യാപാരികൾക്ക് മർദനമേറ്റത്. തുടർന്ന് അക്രമി സംഘം അവർ വന്ന വാഹനങ്ങളിൽ രക്ഷപ്പെട്ടു.അഞ്ചുരുളിയിൽ വന്ന അക്രമി സംഘം ടൂറിസ്റ്റുകളെ ആക്രമിച്ച വിവരം വ്യാപാരികൾ കക്കാട്ടുകടയില്‍ അറിയിച്ചതിനെ തുടർന്ന് നാട്ടുകാര്‍ അക്രമി സംഘം സഞ്ചരിച്ച വാഹനം കക്കാട്ടുകടയിൽ തടഞ്ഞു.
തുടര്‍ന്ന് ഇവരും നാട്ടുകാരുമായി വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഇതിനിടെ നാട്ടുകാരിൽ മൂന്നുപേർക്കും സംഘത്തിന്‍റെ മർദനമേറ്റു. തുടർന്ന് കട്ടപ്പന പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ വാഹനങ്ങളിൽനിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തതായി നാട്ടുകാർ പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

