ടൂറിസ്റ്റ് ബസുകൾക്ക് 1.03 കോടി രൂപ പിഴയിട്ടു; 4584 നിയമലംഘനം പിടികൂടി, വേഗപ്പൂട്ടില്ലാതെ 541 ബസുകൾ
text_fieldsതിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾ തടയാൻ മോട്ടോർ വാഹനവകുപ്പ് നടത്തിയ പത്ത് ദിവസം നീണ്ട ഓപറേഷൻ ഫോക്കസ് -3 എന്ന പ്രത്യേക പരിശോധയിൽ കണ്ടെത്തിയത് 4584 നിയമലംഘനങ്ങൾ. 1.03 കോടി രൂപ പിഴയിട്ടു.
അപകടകരമായ ഡ്രൈവിങ്ങിന് 189 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. ഗുരുതര നിയമലംഘനം പിടികൂടിയ 14 ബസുകളുടെ ആർ.സി റദ്ദാക്കി.
3480 വാഹനങ്ങളിൽ നിരോധിത ലൈറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തി. നാലും അഞ്ചും എച്ച്.ഐ.ഡി ലൈറ്റുകൾ (ഹൈ ഇന്‍റൻസിറ്റി ഡിസ്ചാർജ്) തെളിയിച്ചായിരുന്നു ഇവയുടെ പാച്ചിൽ. അര കിലോമീറ്ററിലേറെ പ്രകാശം നൽകുന്ന എച്ച്.ഐ.ഡി ലൈറ്റുകൾ എതിർദിശയില്‍ എത്തുന്നവരുടെ കാഴ്ചയെത്തന്നെ മറയ്ക്കുന്ന രീതിയിലാണ് വിന്യസിച്ചിരുന്നത്.
ലൈറ്റുകളുടെ ചുറ്റിലും ബോഡിയിലും വൈപ്പറിന്‍റെ രണ്ട് ആമുകളിലും എൽ.ഇ.ഡി സ്ട്രിപ്പുകളാണ് മറ്റൊന്ന്. സ്പീഡ് ഗവേണർ അഴിച്ചിട്ട നിലയിൽ 541 ബസ് കണ്ടെത്തി. അനധികത എയർഹോൺ ഉപയോഗവും വ്യാപകമായിരുന്നുവെന്നാണ് കണ്ടെത്തൽ.
ഇത്തരത്തിൽ 932 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. കാതടിപ്പിക്കുന്ന മൾട്ടി ടോൺ എയർഹോണും മൾട്ടി പൈപ്പ് എയർ ഹോണും വണ്ടി നിർത്തിയിട്ടുള്ള പരിശോധന സമയത്ത് പിടികൂടാനാകാത്ത വിധമാണ് ക്രമീകരിച്ചിരുന്നത്. ഹാൻഡ് ബ്രേക്ക് ഇട്ടാൽ എയർ ഹോൺ പ്രവർത്തിക്കാത്ത രീതിയിലാണ് ഇവ ഘടിപ്പിക്കുന്നത്. പരിശോധന സമയത്ത് ഹാൻഡ് ബ്രേക്ക് ഉണ്ടാകുമെന്ന സാധ്യതയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. വാഹന ഘടനയിൽ മാറ്റം വരുത്തിയതിന് 393 കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

