ഉന്നത വിദ്യാഭ്യാസരംഗത്ത് തികഞ്ഞ കെടുകാര്യസ്ഥത -വി.ഡി. സതീശൻ
text_fieldsഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന നേതൃ പരിശീലന ക്യാമ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
ആലുവ: ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലുവയിൽ ഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുവപ്പുവത്കരണവും കാവിവത്കരണവും കൊണ്ടുവരാനാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശ്രമിക്കുന്നത്. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് കേരളം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. കേരളത്തിലെ ഗവ. കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കാത്തത് കോളജുകളിൽ വലിയ തോതിൽ ഭരണ വികസന പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പി.എസ്.സി ലിസ്റ്റുകളിൽനിന്ന് ഒരു നിയമനവും നടക്കുന്നില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താൻ ശ്രമിക്കും. കേരളത്തെ ഒരു വിജ്ഞാനസമൂഹമാക്കുമെന്ന് കൊട്ടിഘോഷിച്ച് പ്രസ്താവന നടത്തിയതല്ലാതെ അതിനുവേണ്ട മാർഗങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും നിലവിലുള്ള വ്യവസ്ഥയെ തകർക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജി.സി.ടി.ഒ സംസ്ഥാന പ്രസിഡൻ്റ് പ്രഫ. ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് രാഷ്ട്രീയകാര്യ സമ്മേളനത്തിൽ വിഷയാവതരണം നടത്തി. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, ഡോ. എബിൻ ടി. മാത്യൂസ്, ഷാജു മാത്യു, ആർ.എൽ. രജിത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

