നാട്ടിലേക്ക് മടങ്ങുന്നതിൽ സർവത്ര ആശയക്കുഴപ്പം
text_fieldsബംഗളൂരു: ഇതരസംസ്ഥാനത്തുനിന്നുള്ളവരെ കേരളത്തിലേക്ക് എത്തിക്കാനുള്ള നടപടികളിൽ ആശയക്കുഴപ്പം. കർണാടകയിൽനിന്നും കേരളത്തിലേക്ക് പോകാനായി അരലക്ഷത്തോളം പേർ നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സ്വന്തമായി വാഹനമില്ലാത്തവരുടെ കാര്യം അനിശ്ചിതത്വത്തിലാണ്. നോർക്ക വഴി രജിസ്റ്റർ ചെയ്തശേഷം കോവിഡ്-19 ജാഗ്രത വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് അതത് ജില്ല കലക്ടർമാർ പാസ് നൽകിത്തുടങ്ങിയെങ്കിലും കർണാടകയിൽനിന്ന് അതിർത്തിവരെ എത്തുന്നതിനുള്ള പാസ് നൽകിത്തുടങ്ങിയിട്ടില്ല.
കർണാടകയിൽനിന്നും പാസ് ലഭിക്കുന്നതിലുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനൊപ്പം കേരളത്തിൽനിന്നും പാസ് നൽകുന്നതിലും അപാകതകളുണ്ട്. കേരളത്തിെൻറ പാസ് കാണിച്ച് കർണാടകയിൽനിന്ന് ഹൊസൂർ, സേലം വഴി വാളയാർ അതിർത്തി വഴി പലർക്കും പോകാനായിട്ടുണ്ടെങ്കിലും ഏതെങ്കിലും ഒരു സംസ്ഥാനത്തിെൻറ യാത്രാപാസ് മതിയോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മുത്തങ്ങ വഴി നാട്ടിലേക്ക് പോകേണ്ടവർക്ക്, നഞ്ചൻകോട് കോവിഡ് ഹോട്ട്സ്പോട്ടായതിനാൽ ചുറ്റി സഞ്ചരിച്ച് ഗുണ്ടൽപേട്ടിൽ എത്തേണ്ട സ്ഥിതിയുണ്ട്. തിങ്കളാഴ്ച മൈസൂരു വഴി പോയവരെ ഉൾപ്പെടെ കർണാടകയുടെ പാസില്ലാത്തതിനാൽ തടഞ്ഞ സംഭവവും ഉണ്ടായി. പിന്നീട് അധികൃതർ ഇടപെടുകയായിരുന്നു.
സ്വന്തമായി വാഹനമില്ലാത്തവരെ ഉൾപ്പെടെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇരുസംസ്ഥാനങ്ങളിലും തമ്മിൽ ചർച്ച നടത്തി തീരുമാനം എടുക്കുന്നത് വൈകുന്നതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പത്തിന് കാരണം. ചികിത്സക്ക് പോകേണ്ടവർ, ഗർഭിണികൾ, വിദ്യാർഥികൾ തുടങ്ങിയവർക്ക് മുൻഗണന നൽകുമെന്നായിരുന്നു കേരള സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ സ്വന്തമായി ഇരുചക്രവാഹനവും കാറും മറ്റു വാഹനവും ഉള്ളവർക്ക് മാത്രമാണ് നാട്ടിലേക്ക് പോകാൻ കഴിയുന്നത്.
നോർക്ക ഐഡി ഉപയോഗിച്ച് കോവിഡ്-19 ജാഗ്രത വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത സ്വന്തമായി വാഹനമില്ലാത്തവർക്കും തീയതി നിശ്ചയിച്ച് പാസ് നൽകിയിട്ടുണ്ട്. വാഹന സൗകര്യമില്ലാതെ പാസ് കിട്ടിയിട്ട് എന്തുചെയ്യാനാണെന്നറിയാതെ നട്ടം തിരിയുന്നവരുമുണ്ട്. കർണാടകയുടെ സേവാ സിന്ധു വെബ്സൈറ്റ് വെബ്സൈറ്റിലൂടെ അപേക്ഷിച്ചവരുടെ പാസ് നടപടി വൈകുന്നതിനാൽ, അത്യാവശ്യക്കാർക്ക് ഇപ്പോഴും ബംഗളൂരുവിലെ എ.ഡി.ജി.പി (മോഡനൈസേഷൻ) ഒാഫിസ് വഴിയാണ് പാസ് നൽകുന്നത്. ഇതിലെ നൂലാമാലകളും നടപടി വൈകിപ്പിക്കുകയാണ്. സ്വന്തമായി വാഹനമില്ലാത്തവർ വാടകക്ക് വാഹനം എടുക്കേണ്ട സ്ഥിതിയാണ്.
ബംഗളൂരുവിൽനിന്ന് കോഴിക്കോേട്ടക്ക് പോകേണ്ട വിദ്യാർഥികൾക്ക് മുത്തങ്ങക്ക് പകരം വാളയാറാണ് എൻട്രി പോയൻറ് ലഭിച്ചത്. തുടർന്ന് വാടക കാറിൽ വാളയാറിലെത്തിയ ഇവർക്ക് െചലവായത് 10,000 രൂപ. വാളയറിൽനിന്നും കോഴിക്കോടേക്ക് മറ്റൊരു വാഹനവും. കേരളം ഇടപെട്ട് കർണാടകയിൽനിന്നും അതിർത്തിവരെ കർണാടക ആർ.ടി.സി ബസും അവിടെനിന്നും കേരള ആർ.ടി.സി ബസും ഏർപ്പെടുത്തിയാലെ കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കാനാകു. അല്ലെങ്കിൽ ബംഗളൂരുവിൽനിന്നും നോൺ സ്റ്റോപ് സ്പെഷൽ ട്രെയിൻ അനുവദിക്കാനുള്ള ഇടപെടലുണ്ടാകണമെന്നാണ് മലയാളി സംഘടനകളുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.