റഷ്യൻ യുവതിക്ക് പീഡനം: പൊലീസിന് ഗുരുതര വീഴ്ചയെന്ന്
text_fieldsകൂരാച്ചുണ്ട് (കോഴിക്കോട്): റഷ്യൻ യുവതിയെ സുഹൃത്ത് പീഡിപ്പിച്ച സംഭവത്തിൽ കൂരാച്ചുണ്ട് പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം. റഷ്യൻ യുവതിയും കൂരാച്ചുണ്ട് സ്വദേശിയായ ആഖിലും കാളങ്ങാലിയിലുള്ള വീട്ടിൽ എത്തുന്നത് മാർച്ച് 19നാണ്. അന്നുതന്നെ വീട്ടിൽ പരാക്രമം നടത്തിയ യുവാവിനെതിരെ വീട്ടുകാരും നാട്ടുകാരും രാത്രി 11ന് കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് സ്ഥലത്ത് പോവുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാർ പറയുന്നു.
മാർച്ച് 20ന് പൊലീസ് ആവശ്യപ്പെട്ടപ്രകാരം ആഖിലും യുവതിയും കൂരാച്ചുണ്ട് സ്റ്റേഷനിൽ ഹാജരായി. റഷ്യൻഭാഷ മാത്രം സംസാരിക്കാൻ അറിയാവുന്ന യുവതി പറയുന്നത് പൊലീസിന് വിവർത്തനം ചെയ്തത് ആഖിലാണ്. യുവതി പറയുന്നത് തന്നെയാണോ വിവർത്തനം ചെയ്തതെന്ന് അറിയാൻ റഷ്യൻ ഭാഷ അറിയുന്നവരുടെ സേവനം തേടാൻ പൊലീസ് തയാറായില്ല. ഒടുവിൽ വീട്ടുകാരോട് കാളങ്ങാലി വീട്ടിലേക്ക് പോവരുതെന്നും പുറത്ത് വീടെടുക്കാനും ആവശ്യപ്പെട്ട് യുവാവിന്റെ കൂടെ യുവതിയെ വീട്ടിലേക്ക് പറഞ്ഞുവിടുകയാണ് പൊലീസ് ചെയ്തതെന്നും ആരോപണമുണ്ട്.
യുവാവിന്റെ പീഡനം സഹിക്കാൻ കഴിയാതെയാണ് 22ന് യുവതി വീടിന്റെ മുകളിൽനിന്ന് ചാടിയത്. ഇതറിഞ്ഞ നാട്ടുകാർ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച യുവതിയുടെ പരിക്കുകൾ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെതിരെ കേസെടുക്കാൻ തയാറായില്ലെന്നും പറയുന്നു. കേരള വനിത കമീഷന്റെ ഇടപെടലിലൂടെയാണ് 24ന് കൂരാച്ചുണ്ട് പൊലീസ് യുവാവിനെതിരെ കേസെടുത്തതത്രെ. എന്നാൽ, ആരോപണങ്ങൾ ശരിയല്ലെന്നും ശക്തമായ അന്വേഷണം നടത്തി പ്രതിയെ വളരെ പെട്ടെന്ന് അറസ്റ്റ് ചെയ്തതായും കൂരാച്ചുണ്ട് പൊലീസ് പറഞ്ഞു.
യുവാവ് റിമാൻഡിൽ
കൂരാച്ചുണ്ട്: റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സുഹൃത്ത് കാളങ്ങാലി ഓലക്കുന്നത്ത് ആഖിലിനെ (28) പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. ലഹരിക്കടിമയായ യുവാവ് യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. യുവതി ആത്മഹത്യാശ്രമം നടത്തിയതിനുശേഷം യുവാവ് വീടിനകത്ത് ഒളിച്ചു താമസിക്കുകയായിരുന്നു.
വെള്ളിയാഴ്ച കൂരാച്ചുണ്ട് സി.ഐ കെ.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ വീടിന്റെ വാതിൽ പൂട്ട് പൊളിച്ചാണ് ആഖിലിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് കഞ്ചാവും കണ്ടെത്തിയിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പൊലീസ് യുവതിയുടെ മൊഴിയെടുത്തത്.
കെട്ടിയിട്ട് ഇരുമ്പുകമ്പി കൊണ്ട് ഉൾപ്പെടെ മർദിച്ചതായി പൊലീസ് പറഞ്ഞു. റഷ്യൻ കോൺസലേറ്റ് സംഭവത്തെ കുറിച്ച് വിശദീകരണംതേടുകയും യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. അന്വേഷണം ഉടൻ പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാൻ വനിത കമീഷനും പൊലീസിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

