തോരായിക്കടവ് പാലം തകർച്ച; നിർമാണത്തിലെ വ്യതിയാനം നേരത്തേ ചൂണ്ടിക്കാട്ടിയെന്ന് കിഫ്ബി
text_fieldsകോഴിക്കോട്: ചേമഞ്ചേരി, അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അകലാപ്പുഴക്ക് കുറുകെ നിർമിക്കുന്ന തോരായിക്കടവ് പാലം തകർച്ചയിൽ കേരള റോഡ് ഫണ്ട് ബോർഡിനെ (കെ.ആർ.എഫ്.ബി) കുറ്റപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) രംഗത്ത്.
മാസങ്ങൾക്കുമുമ്പ് നിർമാണം നടക്കുന്ന സൈറ്റിൽ കിഫ്ബി ഉദ്യോഗസ്ഥർ അംഗീകൃത സ്റ്റേജിങ് ഡ്രോയിങ് പരിശോധിച്ചപ്പോൾ സ്റ്റേജിങ് വർക്കിൽ വ്യതിയാനം കണ്ടെത്തിയിരുന്നുവെന്നും ഈ വ്യതിയാനം ചൂണ്ടിക്കാട്ടി മേയ് 19ന് എസ്.പി.വി ആയ കെ.ആർ.എഫ്.ബിക്ക് ഒബ്സർവേഷൻ മെമ്മോ (ഒ.എം) നൽകിയിരുന്നുവെന്നും കിഫ്ബി ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിൽ പറയുന്നു.
പി.6-പി.7 സ്പാനിന്റെ സ്റ്റേജിങ് വർക്കിലെ വ്യതിയാനത്തിന്റെ കാരണം വിശദീകരിക്കാനും സെക്ഷനിൽ കൂടുതൽ പ്രവൃത്തികൾ തുടരുന്നതിനുമുമ്പ് വ്യതിയാനത്തിന് അനുമതി നൽകിയതിന്റെ തെളിവ് നൽകാനും മെമ്മോയിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രതികരണം ലഭ്യമായില്ലെന്നും കിഫ്ബി വ്യക്തമാക്കി.
പാലം തകർച്ചയെക്കുറിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെ.ആർ.എഫ്.ബിയെ വെട്ടിലാക്കുന്ന കിഫ്ബിയുടെ വെളിപ്പെടുത്തൽ. ആഗസ്റ്റ് 14ന് അപകടമുണ്ടാകുന്ന സമയത്ത് പി.3-പി.4 സ്പാനിന്റെ രണ്ടാം ഗർഡറിന്റെ കോൺക്രീറ്റ് പണികൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടെ സ്റ്റേജിങ് സ്ട്രക്ചർ തകർന്ന് ഗർഡർ പൂർണമായി പുഴയിലേക്ക് വീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

