വാനര വസൂരി മരണം പരിശോധിക്കാൻ ഉന്നതസംഘം: അതിഗൗരവ പ്രാഥമിക സമ്പര്‍ക്കപട്ടികയിൽ 20 പേർ
text_fieldsതിരുവനന്തപുരം: തൃശൂരില്‍ യുവാവ് വാനര വസൂരി ബാധിച്ച് മരിച്ച സംഭവം ആരോഗ്യവകുപ്പ് വിശദമായി പരിശോധിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇത് പരിശോധിക്കും. എൻ.ഐ.വി പുണെയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ മരിച്ചയാൾക്ക് വെസ്റ്റ് ആഫ്രിക്കന്‍ വകഭേദമാണെന്നാണ് കണ്ടെത്തിയത്. കൂടുതല്‍ ജനിതക പരിശോധന നടത്തും.
പുണെ വൈറോളജി ലാബിലെ പരിശോധനയിലാണ് യുവാവിന് വാനര വസൂരി സ്ഥിരീകരിച്ചത്.
20 പേരാണ് ഹൈറിസ്ക് പ്രൈമറി സമ്പര്‍ക്കപട്ടികയിലുള്ളത്. വീട്ടുകാര്‍, സഹായി, നാല് സുഹൃത്തുക്കള്‍, ഫുട്ബാള്‍ കളിച്ച ഒമ്പതുപേര്‍ എന്നിവരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
വിമാനത്തില്‍ 165 പേരാണുണ്ടായിരുന്നത്. അതിലുള്ളവരാരും അടുത്ത സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. ലോകാരോഗ്യ സംഘടനയുെടയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും മാർഗരേഖയുടെ അടിസ്ഥാനത്തില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രധാനം. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പീരിയഡ്. ഇതനുസരിച്ച് വിമാനത്തിലെ ഈ 165 പേരും സ്വയം നിരീക്ഷിക്കണം. എല്ലാ വിമാനത്താവളങ്ങളിലും ആരോഗ്യവകുപ്പിന്റെ ഹെല്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ സാമ്പ്ള്‍ പരിശോധനാസംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ലഭ്യമാണ്. ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാനര വസൂരി പരിശോധന സംസ്ഥാനത്തുതന്നെ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.