ബാങ്ക്, ഇൻഷുറൻസ് ഉന്നത പദവികൾ ‘സ്വകാര്യവത്കരിക്കുന്നു’
text_fieldsകൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളിലെ ചെയർമാൻ, മാനേജിങ് ഡയറക്ടർ, എക്സി. ഡയറക്ടർ, മുഴുസമയ ഡയറക്ടർ തസ്തികകളിൽ സ്വകാര്യ മേഖലകളിൽനിന്നുള്ളവരെ നിയമിക്കാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയാണ് നിലവിലെ നിയമന രീതികളിൽ മാറ്റംവരുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുമേഖല ബാങ്കുകൾ, എൽ.ഐ.സി ഉൾപ്പെടെ പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ എന്നിവക്ക് ഉത്തരവ് ബാധകമാണ്. ഇത്തരം നിയമനങ്ങൾക്ക് കൃത്യമായി വ്യവസ്ഥകൾ വിവക്ഷിക്കുന്ന 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1970ലെയും ’80ലെയും ബാങ്കിങ് കമ്പനീസ് ആക്ട് (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിങ്സ്), 1956ലെ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ആക്ട് എന്നിവ ഭേദഗതി ചെയ്യാതെ പാർലമെന്റിനെ ഇരുട്ടിൽ നിർത്തിയാണ് കേന്ദ്രസർക്കാറിന്റെ നടപടി.
നിലവിലെ നിയമങ്ങൾ അനുസരിച്ച് പൊതുമേഖല ബാങ്കുകളിലെയും ഇൻഷുറൻസ് കമ്പനികളിലെയും ഉന്നത പദവികളിൽ റിസർവ് ബാങ്ക്, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാറാണ് നിയമനം നടത്തേണ്ടത്. ഇതിന് പാർലമെന്റിന്റെ നിരീക്ഷണം ഉൾപ്പെടെയുള്ള വ്യവസ്ഥകളുമുണ്ട്. ഇതാണ് കേന്ദ്രസർക്കാർ തകിടംമറിക്കുന്നത്. വാർഷിക പെർഫോമൻസ് അപ്രൈസൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അർഹരായവരെ തെരഞ്ഞെടുക്കേണ്ടത്. ഇത് ഒഴിവാക്കി ഒരു എച്ച്.ആർ (ഹ്യൂമൻ റിസോഴ്സ്) ഏജൻസിയുടെ റിപ്പോർട്ട് മതി എന്നാക്കിയിട്ടുണ്ട്.
എച്ച്.ആർ ഏജൻസിയുടെ ‘സർട്ടിഫിക്കറ്റ്’ മാത്രം കണക്കിലെടുത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ എക്സിക്യൂട്ടിവ് തസ്തികകളിൽ ഉള്ളവർക്ക് ലാറ്ററൽ എൻട്രിക്കുള്ള ഇടമായാണ് പൊതുമേഖല ബാങ്ക്/ ഇൻഷുറൻസ് ഉന്നത പദവികൾ മാറ്റുന്നത്. കേന്ദ്ര നീക്കത്തിനെതിരെ ബാങ്കിങ് മേഖലയിലെ ഓഫിസർമാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) രംഗത്തുവന്നിട്ടുണ്ട്. പൊതുമേഖല ധനകാര്യ സ്ഥാപനങ്ങളുടെ നായകസ്ഥാനം ‘ഓപൺ മാർക്കറ്റ്’ നിയമനത്തിന് വിടുന്നത് അപകടകരമാണെന്ന് യു.എഫ്.ബി.യു മുന്നറിയിപ്പ് നൽകി. ഇത് പൊതുമേഖല ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങളിൽ മികച്ച പ്രവർത്തന ചരിത്രമുള്ളവർക്ക് ഉന്നത പദവികളിൽ എത്തുന്നതിനും തടസ്സമാകും. മുമ്പ് എസ്.ബി.ഐയിൽ ഉന്നത പദവികളിൽ ഐ.എ.എസുകാരെ നിയമിച്ച് പരാജയപ്പെട്ട ചരിത്രമുള്ളതാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ പരമാധികാരത്തിന് ഈ നീക്കം വെല്ലുവിളിയാണ്.
വിഷയം പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും ധനകാര്യവകുപ്പ്, റിസർവ് ബാങ്ക്, സ്വതന്ത്ര നിയമ വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെട്ട സമിതി രൂപവത്കരിക്കണമെന്നും യു.എഫ്.ബി.യു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

