വില്പനക്കാരന്റെ നിര്‍ബന്ധത്തിന് വഴങ്ങി രാവിലെ ലോട്ടറിയെടുത്തു; പെയിന്റ് തൊഴിലാളിക്ക് 12 കോടി ബമ്പർ
text_fieldsസദാനന്ദൻ
കോട്ടയം: വില്പനക്കാരന്റെ നിര്‍ബന്ധത്തിന് വഴങ്ങി വാങ്ങിയ ടിക്കറ്റിന് 12 കോടിയുടെ ബമ്പർ സമ്മാനം. സംസ്ഥാന ലോട്ടറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ പെയ്ന്റിങ് തൊഴിലാളിയായ അയ്മനം ഓളിപ്പറമ്പില്‍ സദാനന്ദനാണ് (68) ലഭിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ വാങ്ങിയ എക്സ്.ജി 218582 ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. വൈകീട്ടായിരുന്നു നറുക്കെടുപ്പ്.
വല്ലപ്പോഴും മാത്രം ടിക്കറ്റെടുത്തിരുന്ന സദാനന്ദനെ, ഞായറാഴ്ച രാവിലെ കണ്ടപ്പോൾ മൂന്ന് ടിക്കറ്റ് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ഒന്നെടുക്കാനും ലോട്ടറി വിൽപനക്കാരൻ നിര്‍ബന്ധിച്ചു. ആദ്യ രണ്ടുതവണയും നിരസിച്ച സദാനന്ദന് പിന്നീട് ടിക്കറ്റ് വാങ്ങി.
വൈകീട്ട് ടി.വിയിൽ ഫലം കണ്ട് ഒത്തുനോക്കിയപ്പോഴാണ് കോടീശ്വരനായെന്ന് വ്യക്തമായത്. എസ്.ബി.ഐ അയ്മനം ശാഖ മാനേജര്‍ അരുണിന് വൈകീട്ട് ടിക്കറ്റ് കൈമാറി.
പ്രായത്തിന്റെയും രോഗത്തിന്റെയും ബുദ്ധിമുട്ടുകളുള്ള സദാനന്ദന് വല്ലപ്പോഴുമാണ് ജോലിക്ക് പോയിരുന്നത്. തനിക്കും മക്കള്‍ക്കുമുള്ള സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് സദാനന്ദന് പറഞ്ഞു.