വിജയ് ബാബുവുമായി ഹോട്ടലുകളിൽ തെളിവെടുത്തു
text_fieldsകൊച്ചി: പുതുമുഖനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ എറണാകുളത്തെ സ്വകാര്യ ഹോട്ടലുകളിലെത്തിച്ച് തെളിവെടുത്തു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായ വിജയ് ബാബുവിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പിന് കൊണ്ടുപോയത്.
പരാതിയിൽ പീഡനം നടന്നുവെന്ന് വ്യക്തമാക്കുന്ന കുണ്ടന്നൂരിലെയും കടവന്ത്രയിലെയും ഹോട്ടലുകളിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. തിങ്കളാഴ്ച പനമ്പള്ളി നഗറിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുത്തിരുന്നു. എറണാകുളത്തെ വിവിധ ഫ്ലാറ്റുകളിലും ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.
ജൂലൈ മൂന്നാം തീയതിവരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽവെച്ച് ചോദ്യം ചെയ്യാനാണ് കോടതി പൊലീസിന് അനുമതി നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിലെല്ലാം വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ എത്തണം.