കെ. സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ ‘തൂഫാൻ യോഗം’; അടങ്ങാതെ വിവാദം
text_fieldsകൊച്ചി: ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഗുണ്ടകളും ക്രിമിനൽ കേസിൽപെട്ടവരും വിളിച്ചുചേർത്ത യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. ദിവസങ്ങൾക്കു മുമ്പാണ് കൊച്ചിയിൽ ഗുണ്ടാത്തലവൻമാരുടെ യോഗം നടന്നത്. കെ. സുധാകരൻ പരിപാടിയിലേക്ക് വരുന്നതിന്റെയും വേദിയിലിരിക്കുന്നതിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എറണാകുളം ഡി.സി.സി നേതൃത്വവുമെല്ലാം കെ. സുധാകരന്റെ നടപടിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.
യോഗ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത വിമർശമനമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. യോഗം വിവാദമായതോടെ ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട യോഗമാണെന്ന വിശദീകരണവുമായി കെ. സുധാകരൻ രംഗത്തെത്തി. എന്നാൽ, ഇതിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ പ്രതികരിച്ചതോടെ വിവാദം ചൂടുപിടിച്ചു. കെ. സുധാകരന്റെ തൂഫാൻ യോഗത്തെപ്പറ്റി തനിക്കൊന്നും അറിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം യോഗങ്ങൾ വിളിക്കേണ്ടതെന്നും ചെന്നിത്തല പ്രതികരിച്ചു.
അല്ലാത്ത യോഗങ്ങൾ ഓപറേഷൻ തൂഫാന്റെ തലയിൽ കെട്ടിവെക്കേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് ഈ വിഷയത്തിൽ കെ. സുധാകരൻ പ്രതികരണത്തിന് തയാറായിട്ടില്ല. ഇതിനിടെ ന്യായീകരണവുമായി സംഘാടകരിലൊരാളായ തിരുവനന്തപുരം മുൻ ഡി.സി.സി അംഗം സുഹൈൽ ഷാജഹാൻ രംഗത്തെത്തി.
തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരെന്നും വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും വേണമെന്നായിരുന്നു സ്വകാര്യ ചാനലിൽ അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെ യോഗത്തിൽ പങ്കെടുത്ത മട്ടാഞ്ചേരി ഷിബു ബാറിൽ മധ്യവയസ്കനെ മർദിച്ച സംഭവത്തിൽ അറസ്റ്റിലാവുകയും ചെയ്തു. ഷമീർ എന്നയാളെയാണ് ഷിബു ചുറ്റിക കൊണ്ട് തലയടിച്ച് പൊളിച്ചത്.
ലഹരി മാഫിയയെ പൂട്ടാൻ പൊലീസുണ്ട് -കൊച്ചി കമീഷണർ
ഓപറേഷൻ തൂഫാൻ ഔദ്യോഗികമായി നടപ്പാക്കുന്നത് പൊലീസിന്റെ നേതൃത്വത്തിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ. ലഹരിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ്.
എല്ലാ നിയോജക മണ്ഡലങ്ങളും കേന്ദ്രീകരിച്ച് എം.എൽ.എമാരുടെ നേതൃത്വത്തിൽ പരിപാടികൾ നടത്തുന്നുണ്ട്. ഗുണ്ടകൾ ഒത്തുചേർന്നത് സ്വകാര്യ പരിപാടിയാണ്. അനൗദ്യോഗികമായി നടന്ന യോഗത്തെക്കുറിച്ച് പ്രതികരിക്കാൻ താനില്ല. ഓപറേഷൻ തൂഫാനിൽ ഗുണ്ടകളുടെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

