ജോജുവിന്റെ കാർ ആക്രമിച്ച കേസ്: കുറ്റം സമ്മതിപ്പിക്കാൻ സമ്മർദം ചെലുത്തിയെന്ന് കോൺഗ്രസ് നേതാക്കൾ
text_fieldsകൊച്ചി: കോൺഗ്രസിന്റെ ഹൈവേ ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റം സമ്മതിപ്പിക്കാൻ സി.പി.എം പൊലീസിൽ സമ്മർദം ചെലുത്തിയെന്ന് മുൻ മേയർ ടോണി ചമ്മണി ആരോപിച്ചു.
കാർ തകർത്ത കേസിൽ ആദ്യം അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ പി.ജി. ജോസഫിനെ കുറ്റം സമ്മതിപ്പിക്കാൻ പൊലീസ് പീഡിപ്പിച്ചെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കേരളത്തിലെ ഒരു മന്ത്രി മരട് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ചു. ഇതിനുശേഷമാണ് കുറ്റം സമ്മതിപ്പിക്കാൻ വലിയതോതിലുള്ള സമ്മർദം പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ നടത്തിയ സമരത്തിെൻറ ആനുകൂല്യം പറ്റുന്ന ജോജു ജോർജ് ക്ഷമപറയാൻ തയാറാകണമെന്ന് ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. ജോജു ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ഷിയാസ് പറഞ്ഞു.
കാർ ആക്രമിച്ച കേസിൽ അറസ്റ്റിലായ ടോണി ചമ്മണി ഉൾെപ്പടെ അഞ്ച് കോൺഗ്രസ് പ്രവർത്തകർ ബുധനാഴ്ച വൈകീട്ടോടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. രണ്ടാംപ്രതി ജോസഫിെൻറ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം കേൾക്കും.