വിരലിന് പകരം നാവിൽ ശസ്ത്രക്രിയ: വകുപ്പുതല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsകോഴിക്കോട് മെഡിക്കല്‍ കോളേജ്
കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇടതു കൈയിലെ ആറാം വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തിങ്കളാഴ്ച മെഡിക്കൽ കോളജിൽ എത്തിയ സംഘം ശസ്ത്രക്രിയ നടത്തിയ അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണിൽനിന്ന് മൊഴിയെടുത്തിരുന്നു.
വയനാട്, മഞ്ചേരി മെഡിക്കൽ കോളജുകളിൽനിന്നുള്ള മൂന്നംഗ സംഘത്തെയാണ് സംഭവം അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയിരുന്നത്. മെഡിക്കൽ രേഖകളും സംഘം പരിശോധിച്ചു.
കേസ് അന്വേഷിക്കുന്ന പൊലീസും തിങ്കളാഴ്ച ഡോ. ബിജോണ്‍ ജോണ്‍സണിൽനിന്ന് മൊഴിയെടുത്തു. ചികിത്സയിൽ പങ്കാളികളായ നാലു നഴ്സുമാരിൽ നിന്നും മൊഴി രേഖപ്പെടുത്തിയതായി മെഡിക്കൽ കോളജ് അസി. കമീഷണർ പ്രേമചന്ദ്രൻ അറിയിച്ചു.
അതേസമയം, കുട്ടിയുടെ മാതാപിതാക്കൾ തിങ്കളാഴ്ച വകുപ്പുതല അന്വേഷണ സമിതി മുമ്പാകെ തെളിവെടുപ്പിന് ഹാജരായില്ല. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ചെറുവണ്ണൂർ സ്വദേശിയായ നാലുവയസ്സുകാരിക്ക് കൈവിരലിനു പകരം നാവിന് ശസ്ത്രക്രിയ നടത്തിയത്.

