ഇന്ന് സമ്പൂർണ ലോക്ഡൗൺ; അവശ്യസാധന വിൽപനശാലകൾ തുറക്കാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ. ചരക്ക് വാഹനങ്ങളും ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങളും നിരത്തിലിറക്കാം. അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, അവശ്യവിഭാഗം ജീവനക്കാർ എന്നിവർക്ക് മാത്രമാണ് യാത്രാനുമതി. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാം.
പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവക്ക് അനുമതിയുണ്ട്. മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടരുത്.
നടന്നും സൈക്കിളിലും പോകുന്നത് അനുവദിക്കും. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും. ഓൺലൈൻ ഡെലിവറി രാത്രി പത്തുവരെ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിലെ റോഡുകളിൽ കഴിഞ്ഞയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം ഇൗ ഞായറാഴ്ചയും തുടരും. പുലർച്ച അഞ്ചുമുതൽ രാവിലെ പത്തുവരെയാണ് നിയന്ത്രണം. ഇൗ വഴി അടിയന്തരാവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് പൊലീസിെൻറ പാസ് വാങ്ങണം.
സമ്പൂർണ ലോക്ഡൗൺ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. വയനാട് ഉൾപ്പെടെ കണ്ടെയ്ൻമെൻറ് മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. മേഖലകളിലേക്കും അവിടെനിന്ന് പുറത്തേക്കും മെഡിക്കൽ ആവശ്യങ്ങൾക്കും അവശ്യസാധനങ്ങളുടെ വിതരണത്തിനും മാത്രമേ യാത്രകൾ അനുവദിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
