ഓഖി ദുരന്തത്തിന് നാളെ മൂന്നാണ്ട്
text_fieldsപൂന്തുറ: ഓഖി ദുരന്തത്തിെൻറ നടുക്കുന്ന ഒാർമകൾക്ക് നാളെ മൂന്നാണ്ട്. ജീവനും സ്വത്തും കടല്‍ കവര്‍ന്നെടുത്ത് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടംബങ്ങള്‍ക്കും ഇന്നും ഒടുങ്ങാത്ത ദുരിതങ്ങളാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും കടലാസിലുറങ്ങുന്നു. ഓരോ ദുരന്തവും കടന്ന് ഇവര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ അടുത്ത ദുരിതം എല്ലാം തകർത്തെറിയുന്ന ദുരനുഭവമാണ് എന്നും തീരദേശത്തിന്.
2017 നവംബര്‍ 29ന് രാത്രിയില്‍ ഉള്‍ക്കടലില്‍ 185 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച ഓഖി കാറ്റില്‍ 52 പേര് മരിക്കുകയും 104 പേരെ കാണതാവുകയും ചെയ്െതന്നാണ് സര്‍ക്കാര്‍ കണക്ക്. അടിമലത്തുറ മുതല്‍ വേളി വരെയുള്ള തീരത്തെ മത്സ്യെത്താഴിലാളികളുടെ ജീവനുകളാണ് ഓഖിയില്‍ പൊലിഞ്ഞത്.
ഏറ്റവും കൂടുതല്‍ നാശമുണ്ടായത് പൂന്തുറയിലും വിഴിഞ്ഞത്തുമാണ്. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ കാലവസ്ഥ മുന്നറിയിപ്പ് നല്കാന് കഴിയാതെ പോയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കത്തില്‍ ഏകോപനമില്ലാതിരുന്നതുമാണ് കൂടുതല്‍ ജീവനുകള്‍ കടലില്‍ പൊലിയാന്‍ കാരണം.
പൂന്തുറയെന്ന മത്സ്യഗ്രാമത്തില്‍ മാത്രം ഓഖിയില്‍നിന്ന് രക്ഷപ്പെട്ട് എത്തിയ 78 പേരില്‍ ഭൂരിപക്ഷം പേരും ഇന്ന് ഗുരുതരമായ രോഗങ്ങളുടെയും മാനസികവിഭ്രാന്തിയുടെയും പിടിയിലാണ്. രക്ഷപ്പെട്ട് എത്തിയവരില്‍ ചിലര്‍ മാസങ്ങള്‍ക്ക് ശേഷം രോഗബാധിതരായി മരിക്കുകയും ചെയ്തു. മരിച്ചവരുടെയും കാണാതായവരുടെയും കുടംബങ്ങള്‍ക്ക് സര്‍ക്കാര്‍ 22 ലക്ഷം രൂപ വീതം ട്രഷറിയില്‍ നിക്ഷേപിച്ചിരിക്കുകയാണ്.
മരിച്ചയാളുടെ കുടുംബത്തിന് പ്രതിമാസം 14,000 രൂപ വീതം പലിശ ലഭിക്കും. ഇതിെൻറ പിന്‍ബലത്തിലാണ് പലകുടുംബങ്ങളുടെയും ജീവിതം മുന്നോട്ട് പോകുന്നത്. എന്നാല്‍ ഉള്‍ക്കടലില്‍ മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ട് എത്തി നിത്യവൃത്തിക്ക് പുറത്തേക്കിറങ്ങാന്‍ കഴിയാതെ ഇന്നും ദുരിതം അനുഭവിക്കുന്നവര്‍ നിരവധിപേരാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് ഇന്നും അര്‍ഹമായ നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയാണ്.
ഓഖി സമയത്ത് പൂന്തുറ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തില്‍ അടിയന്തരമായി ഫിഷറീസ് മന്ത്രാലയം കൊണ്ടുവരുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രഖ്യാപനം കടലാസിലൊതുങ്ങി.
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി നല്കിയ നാവിക് ഉപകരണം പൂര്‍ണ പരാജയമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയെരുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരവധി പദ്ധതികളും ലക്ഷ്യം കണ്ടിട്ടില്ല.