തൃശൂർ: തൃശൂർ-അങ്കമാലി പാതയിലെ പാലിയേക്കര ടോളിൽ സെപ്റ്റംബർ ഒന്ന് മുതൽ നിരക്ക് വർധിപ്പിക്കുന്നു. ചരക്ക് വാഹനങ്ങൾക്കും ബസുകൾക്കും ഒരു യാത്രക്ക് അഞ്ച് രൂപ വർധിപ്പിക്കുമെന്നറിയിച്ച് ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ വിജ്ഞാപനമിറക്കി. അതേസമയം, നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ എതിർപ്പുയർന്നു.
കരാർ പ്രകാരമുള്ള പ്രവൃത്തികൾ ചെയ്യാതെ അനധികൃതമായാണ് ടോൾ പിരിക്കുന്നതെന്നും 104 കോടിയുടെ അഴിമതിയുണ്ടെന്നും കാണിച്ച് സി.ബി.ഐ കേസെടുത്തിരിക്കെ നിരക്ക് വർധിപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നാണ് ആക്ഷേപം. ചെറുകിട ചരക്ക് വാഹനങ്ങൾക്കും ബസുകൾക്കുമാണ് പുതിയ വിജ്ഞാപനത്തിൽ നിരക്ക് വർധിപ്പിച്ചത്.