ടോക്കൺ വിതരണത്തിലെ പാകപ്പിഴ: കോട്ടയത്തെ വാക്സിൻ വിതരണ കേന്ദ്രത്തിൽ സംഘർഷം
text_fieldsചൊവ്വാഴ്ച കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെ കേന്ദ്രത്തിൽ നിന്ന് കോവിഡ് വാക്സിൻ കുത്തിവെപ്പിനായി കാത്തുനിൽക്കുന്നവർ
കോട്ടയം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായതിന് പിന്നാലെ കോട്ടയത്തെ വാക്സിൻ വിതരണ കേന്ദ്രത്തിലുണ്ടായ ജനത്തിരക്ക് സംഘർഷത്തിൽ കലാശിച്ചു. ബേക്കർ മെമ്മോറിയൽ സ്കൂളിലെ മെഗാ ക്യാമ്പിൽ ടോക്കൺ വാങ്ങാൻ എത്തിയവരും പൊലീസും തമ്മിലാണ് വാക്കേറ്റമുണ്ടായത്.
മൂന്നുവരി ഒരുക്കിയാണ് വാക്സിൻ നൽകാൻ ജില്ലാ അധികൃതർ തീരുമാനിച്ചത്. ഇതുപ്രകാരം രാവിലെ ടോക്കൺ വിതരണം ആരംഭിച്ചതോടെയാണ് പരാതികൾ ഉയർന്നത്. വരിയിൽ നിൽക്കാത്തവർക്കാണ് പൊലീസ് ടോക്കൺ നൽകിയതെന്നാണ് വരിയിൽ നിന്നവർ പരാതിപ്പെട്ടത്.
ഇതോടെ ടോക്കൺ വാങ്ങാൻ എത്തിയവരും പൊലീസുകാരുമായും വാക്കേറ്റം ഉണ്ടായി. ടോക്കൺ വാങ്ങാൻ ആളുകൾ തിക്കി തിരക്കിയതോടെയാണ് വിതരണം അലങ്കോലമായത്. ടോക്കൺ നൽകിയെങ്കിലും സാമൂഹിക അകലം പാലിക്കാൻ പോലും കഴിയാത്തത്ര തിരക്കാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസവും വാക്സിൻ വിതരണ കേന്ദ്രത്തിൽ വലിയ ജനത്തിരക്ക് റിപ്പോർട്ട് ചെയ്തിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസെത്തി ടോക്കൺ നൽകി ജനങ്ങളെ നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചത്.
32 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച വാക്സിനേഷന് ക്യാമ്പ് നടത്തിയത്. എട്ട് കേന്ദ്രങ്ങളിൽ മെഗാ ക്യാമ്പായിരുന്നു. വാക്സിൻ സ്വീകരിക്കാൻ ആളുകൾ കൂട്ടത്തോടെ എത്തുന്നതാണ് തിരക്കിനിടയാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. വാക്സിനേഷൻ തുടങ്ങിയ ആദ്യ ദിനങ്ങളിൽ പലർക്കും കുത്തിവെപ്പെടുക്കാൻ വിമുഖതയുണ്ടായിരുന്നു.
20 മുതൽ 50 പേർ വരെയാണ് ആദ്യ ദിവസങ്ങളിൽ എത്തിയിരുന്നത്. എന്നാൽ, രണ്ടാമതും കോവിഡ് ഭീഷണി ഉയർന്നത് ജനങ്ങളിൽ ഭീതി ഉണ്ടാക്കിയിട്ടുണ്ട്. വാക്സിൻ ക്ഷാമം മൂലം തങ്ങൾക്ക് കുത്തിവെപ്പെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്നതും ആശങ്ക പരത്തുന്നു. ഇതുകാരണം എല്ലാവരും ഒന്നിച്ച് വാക്സിനെടുക്കാനെത്തുന്നതാണ് ഇപ്പോഴത്തെ തിരക്കിന്റെ കാരണം.
നേരത്തേ നിരവധി ക്യാമ്പുകൾ നടത്തിയിട്ടും ആളെത്താത്ത അവസ്ഥ ഉണ്ടായിരുന്നു. തുടക്കത്തിൽ 1000 പേർക്കുള്ള മെഗാ ക്യാമ്പ് നടത്തിയപ്പോൾ 60 പേർ മാത്രമാണ് എത്തിയതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.