കോട്ടയത്ത് നഗരമധ്യത്തിൽ കക്കൂസ് മാലിന്യം തള്ളി: ലോറിയുൾപ്പെടെ പിടികൂടി
text_fieldsകോട്ടയം: നഗരമധ്യത്തിൽ ഈരയിൽക്കടവ് റോഡിൽ മുപ്പായിപ്പാടം ഭാഗത്ത് കക്കൂസ് മാലിന്യം തള്ളി. വെള്ളിയാഴ്ച വൈകീട്ട് എട്ടോടെ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യവുമായി എത്തിയ സംഘം വാഹനത്തിന്‍റെ ടാപ്പ് തുറന്ന് വെച്ച് റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു.
റോഡിലൂടെ നടക്കാൻ പോലും സാധിക്കാത്ത രീതിയിലാണ് മാലിന്യം തള്ളിയത്. ഈരയിൽകടവിൽ ബൈപാസ് റോഡിലൂടെ മാർക്കറ്റ് റോഡിലേക്ക് വരുന്ന വഴിയിലാണ് മാലിന്യം തള്ളിയത്. ആളുകൾ കണ്ടതിനെ തുടർന്ന് വാഹനവുമായി സംഘം രക്ഷപ്പെട്ടു. എന്നാൽ, ടാങ്കറിന്‍റെ വാൽവ് അടക്കാതെ മുന്നോട്ടെടുത്തതിനാൽ മാലിന്യം റോഡിലേക്ക് പരന്നൊഴുകി.
മാർക്കറ്റ് റോഡിലെത്തിയപ്പോൾ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽ പെട്ട ബൈക്ക് യാത്രികൻ ബൈക്ക് വിലങ്ങനെവെച്ച് ലോറി തടഞ്ഞു. തുടർന്ന് നാട്ടുകാർ വാഹനത്തിലുള്ളവരെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി ഒരുമണിക്കൂർ സമയമെടുത്താണ് റോഡ് കഴുകി വൃത്തിയാക്കിയത്.
നഗരസഭാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ചേർത്തല സ്വദേശികളായ ബിനീഷ്, മഹേഷ് എന്നിവർക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

