മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് നടുറോഡിൽ, ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ അപകടം ഒഴിവാക്കി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsമലപ്പുറം: മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ. റോഡിന്റെ നടുവിൽ കുഞ്ഞ് ഇരിക്കുന്നതിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
മലപ്പുറം കൊണ്ടോട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പുളിക്കൽ റോഡിൽ വലിയപറമ്പ് എന്ന സ്ഥലത്ത് ബുധനാഴ്ച രാവിലെയാണ് കുഞ്ഞ് റോഡിൽ ഇരിക്കുന്നത് ബസ് ജീവനക്കാർ കണ്ടത്. കുഞ്ഞിനെ കണ്ട ഉടൻ ഡ്രൈവർ ബസ് നിർത്തുന്നതും ജീവനക്കാരൻ കുഞ്ഞിനെ എടുക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ഈ റൂട്ടിലൂടെ സർവിസ് നടത്തുന്ന 'സഫ മർവ' എന്ന ബസിലെ ജീവനക്കാരാണ് രക്ഷക്കെത്തിയത്.
ദീർഘദൂര സർവീസ് നടത്തുന്ന വലിയ വണ്ടികളും മറ്റ് വാഹനങ്ങളും നിരന്തരമായി പോകുന്ന തിരക്ക് നിറഞ്ഞ റോഡാണിത്. ഇരുവശവും വീടുകളാണ്. സമീപത്തുള്ള വീട്ടിൽനിന്ന് മുട്ടിലിഴഞ്ഞാണ് കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് എത്തിയത്. കണ്ടക്ടർ കുഞ്ഞിനെ കൈയിലെടുത്ത് വീട്ടുക്കാരെ തിരക്കിയെത്തിയപ്പോഴാണ് കുഞ്ഞ് റോഡിലെത്തിയ വിവരം അവരറിയുന്നത്. കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുമ്പോൾ ശ്രദ്ധ തെറ്റിയ സമയത്താണ് കുഞ്ഞ് റോഡിലേക്ക് പോയതെന്ന് പിതാവ് പറഞ്ഞു.
ബസിലെ സി.സി.ടി.വിയുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബസ് ജീവനക്കാർ സമയോചിതമായി ഇടപെട്ടതുകൊണ്ട് വൻ അപകടമാണ് ഒഴിവായി. ബസ് ഡ്രൈവർ രാമചന്ദ്രന്റെയും കണ്ടക്ടർ നവാസിന്റെയും മാതൃകാപരമായ പ്രവൃത്തിക്ക് അഭിനന്ദന പ്രവാഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

