Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പോസ്റ്റുമോർട്ടം ചെയ്തപ്പോൾ കുഞ്ഞിന്റെ വയറ്റിൽ ഒന്നുമില്ലായിരുന്നു, ഒരമ്മയെന്ന നിലയിൽ സഹിക്കാനാവാത്ത കാര്യമാണത്'; മന്ത്രി ബിന്ദു കൃഷ്ണ

text_fields
bookmark_border
പോസ്റ്റുമോർട്ടം ചെയ്തപ്പോൾ കുഞ്ഞിന്റെ വയറ്റിൽ ഒന്നുമില്ലായിരുന്നു, ഒരമ്മയെന്ന നിലയിൽ സഹിക്കാനാവാത്ത കാര്യമാണത്; മന്ത്രി ബിന്ദു കൃഷ്ണ
cancel

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി നാട്ടുകാരും പൊതുപ്രവർത്തകരും. കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ വയറ്റിൽ ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പ് ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

മരിച്ച കുട്ടിയുടെ മാതാപിതാക്കളായ രാജേഷിനും താരക്കുമെതിരെ നാട്ടുകാർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടുപേർ പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികൾക്ക് മതിയായ ഭക്ഷണം ലഭിച്ചിരുന്നില്ലെന്നും വിശന്നിരിക്കുന്ന കുട്ടികൾക്ക് അയൽവാസികൾ പലപ്പോഴും ഭക്ഷണം നൽകിയിരുന്നുവെന്നും പൊതുപ്രവർത്തകർ മന്ത്രിയെ അറിയിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കുമായി അങ്കണവാടികളിലൂടെ ലഭിക്കുന്ന പോഷകാഹാരം കുട്ടികൾക്ക് നൽകാതെ മാതാപിതാക്കൾ ഉപയോഗിച്ചിരുന്നുവെന്നും ആരോപണമുണ്ട്.

വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു കുട്ടികൾ താമസിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു. പൊടിയും അഴുക്കും നിറഞ്ഞ വീട്ടിൽ കൈക്കുഞ്ഞ് ഉൾപ്പെടെയുള്ളവർക്ക് മതിയായ സൗകര്യങ്ങളുണ്ടായിരുന്നില്ല. ലൈഫ് പദ്ധതിയിലൂടെ വീട് നിർമിച്ചുനൽകാനുള്ള ശ്രമം നടത്തിയെങ്കിലും കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമിത്തർക്കങ്ങളും മറ്റ് കേസുകളും തടസ്സമായെന്നാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്.

കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ നേരത്തെയും ഇടപെടലുകൾ നടത്തിയിരുന്നതായി പൊതുപ്രവർത്തകർ പറയുന്നു. കുട്ടികളെ ഗാന്ധിഭവനിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആത്മഹത്യാ ഭീഷണി മുഴക്കി അമ്മ അവരെ തിരികെ കൊണ്ടുപോയെന്നാണ് നാട്ടുകാരുടെ ആരോപണം. ഒക്ടോബർ ആറിന് ശിശുക്ഷേമസമിതി, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊലീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം വീട്ടിലെത്തി കുട്ടികളെ ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, സ്വന്തം വയറ്റിലടിച്ച് കുഞ്ഞിനെ കൊല്ലുമെന്നും താനും ജീവനൊടുക്കുമെന്നും പറഞ്ഞ് അമ്മ ഭീഷണി മുഴക്കിയതിനെ തുടർന്ന് നടപടികളുമായി മുന്നോട്ടുപോകാനായില്ലെന്നാണ് വാർഡ് അംഗം പറയുന്നത്.

കുട്ടികളെ ശരിയായി പരിപാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രസവം നിർത്തണമെന്ന് പൊതുപ്രവർത്തകർ താരയോട് ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാർ മന്ത്രിയെ അറിയിച്ചു. എന്നാൽ, യുവതിയുടെ സമ്മതമില്ലാതെ അതിന് കഴിയില്ലെന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്ന് മടങ്ങേണ്ടിവന്നുവെന്നാണ് അവരുടെ വിശദീകരണം. കുട്ടികളെ സ്കൂളിൽ അയക്കുന്നതിലും ശുചിത്വവും ഭക്ഷണവും ഉറപ്പാക്കുന്നതിലും മാതാപിതാക്കൾ വീഴ്ച വരുത്തിയിരുന്നുവെന്നും ആരോപണമുണ്ട്. ഒമ്പതു വയസുകാരനായ മൂത്ത കുട്ടിക്കായിരുന്നു ഇളയ സഹോദരങ്ങളുടെ പരിചരണച്ചുമതല നൽകിയിരുന്നതെന്നും പൊതുപ്രവർത്തകർ പറയുന്നു.

ശനിയാഴ്ച രാവിലെയാണ് ദമ്പതികളുടെ രണ്ട് വയസുകാരനായ മകൻ മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് കണ്ടെത്തിയത്. കുടുംബത്തിലെ മറ്റൊരു ആൺകുട്ടിയും നേരത്തേ സമാന സാഹചര്യത്തിൽ മരിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ നാല് പെൺകുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തിട്ടുണ്ട്. അമ്മയെയും ഏഴാമത്തെ കുട്ടിയായ ആൺകുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം അമ്മയ്ക്ക് ആവശ്യമായ കൗൺസിലിങ്ങും മറ്റ് സഹായങ്ങളും നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. സംഭവത്തിൽ വിശദമായ പരിശോധനയും തുടർനടപടികളും ഉണ്ടാകുമെന്നാണ് മന്ത്രിയുടെ നിലപാട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Toddler Dies of Malnutrition in Kerala
Next Story