പാലക്കാട്ട് മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; ഗർഭകാലത്ത് ആരോഗ്യകേന്ദ്രത്തിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് ആരോപണം
text_fieldsചിറ്റൂർ: പാലക്കാട് മീനാക്ഷിപുരത്ത് മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിലെ പാർഥിപൻ-സംഗീത ദമ്പതികളുടെ മകൾ കനിഷ്‍കയാണ് മരിച്ചത്. രണ്ടുവർഷം മുമ്പ് ഇവരുടെ ആദ്യത്തെ കുഞ്ഞും ഇതേരീതിയിലാണ് മരണപ്പെട്ടത്. ജനിച്ച് 45ാം ദിവസം ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി മരിക്കുകയായിരുന്നു കുഞ്ഞ്.
പാൽ നൽകുന്നതിനിടെ കുഞ്ഞിന് അനക്കമില്ലാതായതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. 2.200 മാത്രമായിരുന്നു നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ഭാരം. അതിനിടെ,ഗർഭിണിയായിരുന്നപ്പോൾ തൊട്ട് തനിക്ക് ആരോഗ്യപ്രവർത്തകരുടെ സഹായമോ പോഷകാഹാരമോ ലഭിച്ചിട്ടില്ലെന്ന് കുഞ്ഞിന്റെ അമ്മ പറയുന്നു. നെല്ലിമേടുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വിവരം അറിയിച്ചിട്ടും വേണ്ട വിധത്തിലുള്ള സഹായം ലഭിച്ചില്ല. അങ്കണവാടിയിൽ നിന്ന് ലഭിക്കേണ്ട പോഷകാഹാരങ്ങൾ കിട്ടിയില്ലെന്നും സംഗീത ആരോപിച്ചു.
സംഗീതയുടെ ആരോപണങ്ങൾ ആരോഗ്യവിഭാഗം അധികൃതർ തള്ളി. ഗർഭിണിയായ വേളയിൽ എല്ലാ കുത്തിവെപ്പുകളും കൃത്യമായി എടുത്തതായും ആരോഗ്യ വിവരം അന്വേഷിച്ചിരുന്നുവെന്നുമാണ് അധികൃതർ പറയുന്നത്. മീനാക്ഷിപുരം ഇന്ദിരാനഗർ അങ്കണവാടി മുഖേനയാണ് ഇവർക്കുള്ള പോഷകാഹാരം വിതരണം ചെയ്തിരുന്നത്. ഒരുമാസം മുമ്പ് ഇവർ അവിടെ നിന്ന് താമസം മാറിയതായി അറിഞ്ഞു. അതിനു ശേഷം ഒരു വിവരവും ലഭിച്ചില്ലെന്നും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷമീന വ്യക്തമാക്കി. ഒരുമാസം മുമ്പാണ് സംഗീത തന്റെ വീടായ സർക്കാർപതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

