ഇന്ന് ദുഃഖവെള്ളി: പീഡാനുഭവത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവ വിശ്വാസികൾ
text_fieldsകോഴിക്കോട്: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമപുതുക്കി ക്രൈസ്തവ വിശ്വാസികൾ. വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളിയോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമങ്ങൾക്ക് കാർമികത്വം വഹിക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ്മ പുതുക്കാൻ കുരിശിന്റെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും.
വിവിധ പള്ളികളിൽ പ്രദക്ഷിണവും നഗരി കാണിക്കലും നടക്കും. പാളയം സെന്റ് ജോസഫ് കത്തീഡ്രലിനു മുന്നിൽ നിന്ന് രാവിലെ 6.45ഓടെ സംയുക്ത കുരിശിന്റെ വഴി ചടങ്ങുകൾ തുടങ്ങും. പ്രാരംഭ സന്ദേശം കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ നൽകും. സമാപന സന്ദേശം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ നൽകും. കൊല്ലം അഞ്ചൽ മണലിൽ മലങ്കര കത്തോലിക്കാ പള്ളിയിൽ ശുശ്രൂഷ ചടങ്ങുകൾക്ക് ക്ലിമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും.
2000 വർഷങ്ങൾക്ക് മുൻപ് ദൈവപുത്രൻ മനുഷ്യനായി അവതരിക്കുകയും മനുഷ്യകുലത്തിന്റെ പാപങ്ങൾക്ക് പരിഹാരമായി കുരിശുമരണം വരിക്കുകയും ചെയ്‌തതായാണ് വിശ്വാസം. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ദുഃഖവെള്ളിയാണ് വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാന ദിനമായി കണക്കാക്കുന്നത്. ദുഃഖവെള്ളി ദിനത്തിൽ കുരിശിന്റെ തിരുശേഷിപ്പ് ചുംബനം, പീഡാനുഭവ വായനകൾ, കുരിശിന്റെ വഴി എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

