Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുകയില: കയ്പ്പേറിയ...

പുകയില: കയ്പ്പേറിയ മരണത്തിന്റെ കരിമ്പുക; നാം അറിയേണ്ട സത്യങ്ങൾ

text_fields
bookmark_border
പുകയില: കയ്പ്പേറിയ മരണത്തിന്റെ കരിമ്പുക; നാം അറിയേണ്ട സത്യങ്ങൾ
cancel

എലിവിഷത്തിൽ അടങ്ങിയിട്ടുള്ള ആർസനിക്കും, നെയിൽ പോളിഷ് റിമൂവറിലുള്ള അസറ്റോണും, ബാറ്ററി ആസിഡിൽ ഉപയോഗിക്കുന്ന കാഡ്മിയവും, എന്തിനേറെ മരണപ്പെട്ട് ഡെഡ് ബോഡികൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിഡിഹൈഡുമടക്കം നൂറുകണക്കിന് കെമിക്കലുകൾ പുകയില ഉൽപ്പന്നങ്ങളിൽ ഏറിയും കുറഞ്ഞുമടങ്ങിയിട്ടുണ്ട്. വലിച്ചുകയറ്റുന്നത് വിഷപ്പുകയാണെന്നും മാരകമായ അസുഖങ്ങൾക്ക് കാരണമാകുമെന്നറിഞ്ഞിട്ടും, യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഈ ശീലം തുടരാൻ പലർക്കും സാധിക്കുന്നു, അല്ലെങ്കിൽ അതിന് നിർബന്ധിതരാകുന്നു എന്നതാണ് ഈ അഡിക്ഷന്റെ ഏറ്റവും വലിയ സവിശേഷത.

ആഗോളതലത്തിൽ പ്രതിവർഷം 80 ലക്ഷത്തിലധികം മരണങ്ങൾ പുകയില വസ്തുക്കൾ മൂലമുണ്ടാകുന്നതാണ്. ഇന്ത്യയിലെ മൊത്തം കാൻസർ കേസുകളിൽ 27% പുകയിലയുമായി ബന്ധപ്പെട്ടതാണ്. മാത്രമല്ല, ലോകത്തെ രണ്ടാമത്തെ വലിയ പുകയില ഉത്പാദകരും ഉപഭോക്താക്കളും കയറ്റുമതിക്കാരുമാണ് നമ്മുടെ രാജ്യം. അത്രമേൽ അതിന്റെ ആഴവും വ്യാപ്തിയും വർദ്ധിക്കുകയാണ്.

പുകയില വസ്തുക്കൾ ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. എത്ര നേരിയ അളവിലാണെങ്കിലും, ഏത് വൈവിധ്യമായ രൂപത്തിലാണെങ്കിലും - വലിച്ചാലും ചവച്ചാലും മണത്താലും - അവയിലെ അർബുദകാരികളായ രാസവസ്തുക്കൾ നമ്മുടെ ശരീരത്തെ അക്ഷരാർത്ഥത്തിൽ കൊല്ലാനാണ് കാരണമാവുക. വായയും അന്നനാളവും ശ്വാസകോശവും ആമാശയവും പാൻക്രിയാസും ലിവറും വൃക്കയും മൂത്രസഞ്ചിയും മജ്ജയും അസ്ഥിയും തുടങ്ങി ക്യാൻസറുണ്ടാക്കാൻ കാരണമാകുന്ന പ്രധാന വില്ലനും ഈ പുകയിലയും അതിലടങ്ങിയ രാസവസ്തുക്കളും തന്നെ.

പുകവലിക്കാത്തവർക്ക് പോലും ക്യാൻസർ വരുന്നില്ലേ എന്ന യമണ്ടൻ ന്യായീകരണവുമായി വീണ്ടും വീണ്ടും അതിൽ തുടരുന്നവർ യഥാർത്ഥത്തിൽ, ആശുപത്രിയിൽ പ്രസവിച്ചാലും മരിക്കുന്നില്ലേ എന്ന 'വീട്ടിലെ പ്രസവവാദി'കളുടെ മണ്ടൻ ലോജിക്കിന് സമാനമായ ന്യായമാണ് പറഞ്ഞു വെക്കുന്നത്. പുകവലിയെ പൗരുഷത്തിന്റെ പ്രതീകമായി കണ്ട് ഗർവ്വോടെ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ നിക്കോട്ടിൻ അടക്കമുള്ള രാസപദാർത്ഥങ്ങൾ, പല ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാവുകയും, അവരുടെ ലിംഗോദ്ധാരണ ശേഷിയെ വരെ ബാധിച്ച് പുരുഷത്വത്തിന് തന്നെ വെല്ലുവിളിയാവുന്നുണ്ടെന്നും മനസ്സിലാക്കിയിരുന്നെങ്കിൽ.

പുകയിലയുൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന വ്യക്തിക്ക് ഉണ്ടാകുന്ന മാനസിക ശാരീരിക പ്രത്യാഘാതങ്ങൾക്ക് പുറമേ സെക്കൻഡ് ഹാൻഡും തേർഡ് ഹാൻഡും സ്മോക്കിങ്ങിലൂടെ ചുറ്റുമുള്ള വ്യക്തികളെയും പരിസ്ഥിതിയെയും പോലും വെറുതെ വിടാത്ത സാഹചര്യമാണുള്ളത് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

'കൂൾ' പോലുള്ള വസ്തുക്കളുടെ വിദ്യാർഥികൾക്കിടയിലെ സ്വാഭാവികവൽക്കരണവും, ഇ-സിഗരറ്റുകളുടെ 'മോഡേൺ' വാപ്പിങ് രൂപവുമെല്ലാം പുകയില വസ്തുക്കളുടെയും അവയിൽ അടങ്ങിയ നിക്കോട്ടിൻ എന്ന രാസവസ്തുവിന്റെയും വ്യാപനം സാർവ്വത്രികമാക്കുന്നുണ്ട്. സിനിമാതാരങ്ങളും സെലിബ്രിറ്റികളും അതിനു വേണ്ടി ആഡുകൾ ചെയ്യുന്നതും, കൗമാരക്കാർ കൂടുതൽ കാണാൻ സാധ്യതയുള്ള ഐ.പി.എൽ പോലുള്ള മത്സരങ്ങളുടെ പരസ്യങ്ങളിൽ അത് ബോധപൂർവ്വം ആവർത്തിച്ചു കാണിക്കുകയും ചെയ്യുന്നത് നാം ശ്രദ്ധിച്ചിട്ടില്ലേ? ഇവയെല്ലാം ഇതിന്റെ വാണിജ്യവൽക്കരണത്തിന്റെ ഭാഗമാണ്.

ആകർഷകമായ നിറങ്ങളിലും രുചികളിലും ആവരണങ്ങളിലും ഒളിഞ്ഞിരിക്കുന്ന പുകയില ഉൽപ്പന്നങ്ങൾ, അവർ പോലുമറിയാത്ത വലിയ ചതിക്കുഴികളിലേക്കാണ് പുതിയ തലമുറയെ കൊണ്ടെത്തിക്കുന്നത്. ഇത് തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ (മെയ് 31) സന്ദേശവും. പുതിയ അധ്യയന വർഷത്തിലേക്ക് നാം കാലെടുത്തു വയ്ക്കുമ്പോൾ, ലഹരി വസ്തുക്കളുടെ ഉപയോഗത്തെയും വിൽപ്പനയേയും സ്വാഭാവികവൽക്കരണത്തെയുമെല്ലാം കൂടുതൽ ജാഗ്രതയോടെ നോക്കിക്കാണാൻ നമുക്കാവണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smokingTobacco useWorld No tobacco Daynicotine
News Summary - Tobacco: The bitter smoke of death; Truths we need to know
Next Story