നവകേരള സദസ്സ്: പരാതി നൽകാൻ സൗകര്യം; തീരുമാനം ഒരാഴ്ചക്കകം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൽ പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാം. ഓരോ വേദിയിലും ഇതിന് കൗണ്ടർ ഏർപ്പെടുത്താൻ പൊതുഭരണ വകുപ്പ് നിർദേശിച്ചു. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പരിപാടി.
ജില്ല തല ഉദ്യോഗസ്ഥർ പരാതികളിൽ രണ്ടാഴ്ചക്കകം തീരുമാനമെടുക്കാനാണ് നിർദേശം. പരാതിക്കാർക്ക് വിശദ മറുപടി നൽകി പോർട്ടലിൽ അപ്ലോഡ് ചെയ്യണം. കൂടുതൽ നടപടി ക്രമവും സമയവും ആവശ്യമുള്ള പരാതി പരമാവധി നാലാഴ്ചക്കകം തീർപ്പാക്കണം. ഒരാഴ്ചക്കകം പരാതിക്കാരന് ഇടക്കാല മറുപടി നൽകണം. സംസ്ഥാന തലത്തിൽ തീരുമാനിക്കേണ്ട വിഷയമാണെങ്കിൽ പരമാവധി 45 ദിവസത്തിനകം തീർപ്പാക്കണം. ഒരാഴ്ചക്കകം ഇടക്കാല മറുപടി നൽകണം.
സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പരാതി നൽകാൻ പ്രത്യേകം കൗണ്ടർ സജ്ജീകരിക്കണം.
മാർഗനിർദേശം നൽകാൻ കൗണ്ടറിനു മുന്നിൽ ജീവനക്കാരെ നിയോഗിക്കും. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് പരാതി സ്വീകരിച്ച് തുടങ്ങാം. ചടങ്ങുകൾ തീരുകയും മുഴുവൻ പരാതികളും സീകരിച്ചെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം മാത്രമേ കൗണ്ടർ പ്രവർത്തനം അവസാനിപ്പിക്കൂ. സ്വീകരിക്കുന്ന അപേക്ഷകൾക്ക് കൈപ്പറ്റ് രസീത് നൽകും. പരാതികൾ കഴിയും വേഗം കലക്ടറേറ്റുകളിലെത്തിച്ച് വെബ് ആപ്ലിക്കേഷനിൽ ഡേറ്റ എൻട്രി നടത്തണം. പരാതി കൈപ്പറ്റി രണ്ടു ദിവസത്തിനകം ഡേറ്റ എൻട്രി പൂർത്തിയാക്കണം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ എ.ഡി.എമ്മിന് ലോഗിൻ നൽകും. സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട പരാതി ജില്ല തല വകുപ്പ് മേധാവി വിശദ റിപ്പോർട്ട് തയാറാക്കി ഫയൽ സംസ്ഥാന മേധാവിക്ക് നൽകണം. അന്തിമ തീരുമാനം പോർട്ടലിൽ അപ്ലോഡ് ചെയ്യണം. മറുപടി തപാലിൽ നൽകണം. മറുപടി വിശദമായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

