കടമ്പകളേറെ, ഫിറ്റ്നസ് ഉറപ്പിക്കാൻ പ്രധാനധ്യാപകരുടെ നെട്ടോട്ടം
text_fieldsകൊല്ലം: സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട ഫിറ്റ്നസ് പരിശോധനക്ക് പ്രധാനധ്യാപകരുടെ നെട്ടോട്ടം. കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റും വയനാട് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റും വിദ്യാർഥികൾ മരിച്ചതടക്കം അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫിറ്റ്നസ് പരിശോധനക്ക് വിദ്യാഭ്യാസ വകുപ്പ് കടുത്ത നിബന്ധനകൾ നിശ്ചയിച്ചതാണ് സ്കൂളുകൾ തുറക്കാൻ ഒരുമാസം ബാക്കി നിൽക്കെ പ്രധാന അധ്യാപകരുടെ പരക്കംപാച്ചിലിന് കാരണം. വിദ്യാർഥികളുടെ എണ്ണം തികക്കാനുള്ള തലവേദന നിലനിൽക്കേയാണ് ഈ ‘ഫിറ്റ്നസ് പരീക്ഷ’. അഗ്നിരക്ഷാസേനയും വനംവകുപ്പും ആരോഗ്യ വകുപ്പുമടക്കം ആറുതലത്തിലെ ഉദ്യോഗസ്ഥരും സംവിധാനങ്ങളും പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാവൂ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
നേരത്തെ ഇത് തദ്ദേശ സ്ഥാപനങ്ങളിലെ അസി. എൻജിനീയർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ മാത്രം പരിശോധിച്ച കാര്യമാണ്. അഗ്നിരക്ഷ സേനയുടെ പരിശോധനയിൽ സ്കൂളിലെ വയറിങ് മുതൽ സ്കൂളിന് സമീപം ട്രാൻസ്ഫോർമറുണ്ടോ, അപകടകരമായ വൈദ്യുതി ലൈനുകൾ പോകുന്നുണ്ടോ, അഗ്നിബാധയുണ്ടായാൽ രക്ഷാസംവിധാനമുണ്ടോ എന്നതുവരെ ഉൾപെടുത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ പരിശോധനയിൽ പാമ്പുകളുടെ മാളങ്ങളോ പൊത്തുകളോ സ്കൂൾ കെട്ടിടത്തിലോ പരിസരത്തോ ഉണ്ടോ എന്നതാണ് ഉൾപെടുത്തിയത്, സ്കൂൾ കെട്ടിടത്തിന് ഭീഷണിയായി മരച്ചില്ലകൾ വല്ലതുമുണ്ടങ്കിൽ അതും റിപ്പോർട്ട് ചെയ്യണം. പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ക്ലാസുകൾ പരിശോധിച്ച് കെട്ടിടത്തിന്റെ കെട്ടുറപ്പും മേൽക്കൂരയും സംബന്ധിച്ച് റിപ്പോർട്ട് കൊടുക്കണം. മറ്റൊരു പരിശോധന ഗതാഗത വകുപ്പിനാണ്.
അപകടം നടന്നാൽ വാഹനം എത്താൻ സൗകര്യമുണ്ടോ, സ്കൂൾ ബസുെണ്ടങ്കിൽ അതിന്റെ കാര്യക്ഷമത എന്നിവയൊക്കെയാണ് ഈ വകുപ്പിന്റെ ഉത്തരവാദിത്വം. മെഡിക്കൽ ഓഫിസറുടെ പരിശോധനയിൽ വാഷ്റൂം, ടോയ്ലറ്റ് സംവിധാനങ്ങളും ഫസ്റ്റ് എയ്ഡ് സംവിധാനവും അത്യാവശ്യ സന്ദർഭങ്ങളിൽ ആംബുലൻസ് ലഭ്യമാകുമോ എന്നതടക്കം ഉൾപെടുത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയും പഞ്ചായത്ത് സെക്രട്ടറിയും മറ്റുമടങ്ങുന്ന സ്കൂൾ മോണിറ്ററിങ് കമ്മിറ്റിയുടെ സമഗ്ര പരിശോധനയാണ് മറ്റൊന്ന്. ഇവർക്കെല്ലാം കത്ത് കൊടുത്തെങ്കിലും പല വകുപ്പും തങ്ങൾക്ക് നിർദേശം ലഭിച്ചിട്ടില്ലന്ന് പറഞ്ഞ് കൈയൊഴിയുകയാണന്ന് അധ്യാപകർ പറയുന്നു.
വനം വകുപ്പിന് പല ജില്ലകളിലും ഒരു ഡിവിഷണൽ ഓഫിസർ മാത്രമാണുള്ളത്. ഒരു ജില്ലയിൽ മാത്രം ആയിരത്തിനടുത്ത് സർക്കാർ സ്കൂളുകളുണ്ട്. ഇവിടങ്ങളിലെല്ലാം സന്ദർശനം നടത്തി പരിശോധിക്കാൻ ഒരാൾക്ക് മാത്രം സാധിക്കുന്ന കാര്യമല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

