നിലമ്പൂരിൽ മത്സരിക്കുന്ന കാര്യം ആലോചനയിൽ; മലക്കം മറിഞ്ഞ് പി.വി. അൻവർ
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി. അൻവർ. മത്സരിക്കാനില്ലെന്ന നിലപാടിൽ നിന്നാണ് അൻവർ മലക്കം മറിഞ്ഞത്.
തന്നെ പിന്തുണക്കുന്നവരിൽ നിന്ന് മത്സരിക്കാൻ കടുത്ത സമ്മർദമുണ്ട്. മത്സരിക്കാൻ പണവുമായി സാധാരണക്കാർ തന്നെ വന്നുകാണുകയാണ്. പാർട്ടി ഇക്കാര്യത്തിൽ ഉടൻ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും അൻവർ വ്യക്തമാക്കി. താൻ മത്സരിക്കാനില്ലെന്നായിരുന്നു ഇന്ന് രാവിലെ വരെ അൻവർ പറഞ്ഞത്.
മത്സരിക്കാൻ ഒരുപാട് കാശുവേണമെന്നും കൈയിൽ പണമില്ലെന്നും കോടികളുടെ കടക്കാരനാണെന്നുമായിരുന്നു അൻവർ രാവിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്.
വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിലേക്ക് താനില്ലെന്നും പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്നും അൻവർ വ്യക്തമാക്കുകയുണ്ടായി. അഹങ്കാരത്തിന് കൈയും കാലും വെച്ചയാളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്നും അൻവർ ആരോപണമുയർത്തി. കെ.സി. വേണുഗോപാലിനെ കാണാൻ പോലും സതീശൻ സമ്മതിച്ചില്ല. യു.ഡി.എഫിലെ മറ്റ് നേതാക്കൾക്കൊന്നും തന്നോട് എതിർപ്പില്ല. ഇനിയൊരു യു.ഡി.എഫ് നേതാവും തന്നെ കാണേണ്ടതില്ല. സതീശന്‍റെ വാശിക്ക് യു.ഡി.എഫ് വലിയ വില കൊടുക്കേണ്ടി വരും.അൻവറില്ലാതെ നിലമ്പൂരിൽ വിജയിക്കുമെന്നാണ് സതീശൻ പറയുന്നത്. അത് സതീശൻ പറയുന്നതിന് പിന്നിൽ ഒരു ശക്തിയുണ്ട്. ആ ശക്തിയാരാണെന്ന് താൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അക്കാര്യം അറിഞ്ഞാൽ മാധ്യമങ്ങളോട് പറയും. നിലമ്പൂരിൽ ഏത് ചെകുത്താനെയും പിന്തുണക്കുമെന്നാണ് താൻ പ്രഖ്യാപിച്ചത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്ന് പറഞ്ഞതിൽ കാരണമുണ്ടെന്നും അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

