ക്രൈസ്തവരെ ആകർഷിക്കാൻ ക്രിസ്തുമസിന് മധുരവുമായി ബി.ജെ.പി, ഹിന്ദുപാർട്ടിയെന്ന പേരുദോഷം മാറ്റാനാണീ നീക്കം
text_fieldsഹിന്ദുപാർട്ടിയെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബി.ജെ.പി. ക്രൈസ്തവരെ ആകർഷിക്കുകയെന്ന പുതുതന്ത്രവുമായാണിപ്പോൾ രംഗത്ത് വരുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണ ക്രിസ്തുമസിന് സമ്മാനവും മധുരവുമായി ബി.ജെ.പി. നേതാക്കളും പ്രവർത്തകരും വീടുകൾ സന്ദർശിക്കും.
സംസ്ഥാനത്തെ ക്രൈസ്തവവിഭാഗത്തിൽപ്പെട്ടവരുടെ വീടുകളിൽ നേതാക്കളും പ്രവർത്തകരും സന്ദർശിച്ച് സ്നേഹസമ്മാനമെത്തിക്കാനാണ് തീരുമാനം. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഈ നീക്കം ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ കണക്ക്കൂട്ടൽ.
കഴിഞ്ഞകാലങ്ങളിലേതിനെക്കാൾ ക്രൈസ്തവരുമായി ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ബി.ജെ.പി വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ബൂത്തുമുതൽ സംസ്ഥാനതലംവരെയുള്ള നേതാക്കൾ വീടുസന്ദർശനത്തിനായി ഇറങ്ങുന്നത്. കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ക്രൈസ്തവ സമുദായത്തിലെ അർഹർക്ക് നൽകുന്നുവെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രഘടകത്തിന്റെ കർശന നിർദേശമുണ്ട്. ഇക്കാര്യത്തിൽ ഏറെ ജാഗ്രത പുലർത്തലണമെന്ന് സംസ്ഥാന നേതൃത്വം നേതാക്കൾക്കും പ്രവർത്തകർക്കും നൽകിയ നിർദേശം.
ഇതിനിടെ, വിഴിഞ്ഞം പോലുള്ള വിഷയങ്ങൾ ബി.ജെ.പിക്ക് തലവേദനയാകുന്നുണ്ട്. വിഴിഞ്ഞത്ത് സംസ്ഥാന സർക്കാരിന് വീഴ്ചയുണ്ടായെന്നാണ് ബി.ജെ.പി. പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അദാനിക്കൊപ്പം നിൽക്കാൻ തന്നെയാണ് തീരുമാനം. ഇതിനായി വികസനത്തിനു എതിരല്ലെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നുമാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

