‘ജനം ടി.വി 100 കോടി നഷ്ടപരിഹാരം നൽകണം’; ഗ്യാനേഷ് കുമാറിനെ കുറിച്ചുള്ള വാർത്ത പണം വാങ്ങി നൽകിയതെന്ന പരാമർശത്തിൽ നിയമ നടപടിയുമായി ‘ദ ന്യൂഇന്ത്യന്‍ എക്‌സ്പ്രസ്’
text_fieldsകൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വാർത്ത പ്രസിദ്ധീകരിക്കുന്നതിനായി ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപറ്റി എന്ന വാർത്ത പ്രചരിപ്പിച്ച ജനം ടി.വിക്കെതിരെ നിയമ നടപടിയുമായി ‘ദ ന്യൂഇന്ത്യന്‍ എക്‌സ്പ്രസ്’. സെപ്റ്റംബര്‍ 29ന് ജനം ടി.വി പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് എക്‌സ്പ്രസ് പബ്ലിക്കേഷന്‍സ് (മധുര) പ്രൈവറ്റ് ലിമിറ്റഡ് നോട്ടീസ് അയച്ചത്. അടിസ്ഥാനരഹിതവും അപകീർത്തികരവുമായ വ്യാജ വാർത്ത സംപ്രേഷണം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. എക്‌സ്പ്രസ് പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒ ലക്ഷ്മി മേനോനാണ് നോട്ടീസ് അയച്ചത്.
ജനം ടി.വി പരാമർശിച്ച തരത്തിലുള്ള യാതൊരു വാർത്തയും തങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും, മാധ്യമത്തിന്റെ വിശ്വാസ്യത തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാർത്ത നൽകിയതെന്നും എക്സ്പ്രസ് മാനേജ്മെന്റ് വ്യക്തമാക്കി. യഥാർഥ വസ്തുതകൾ പരിശോധിക്കാതെ നൽകിയ ഈ വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ഇത് തങ്ങളുടെ വിശ്വാസതക്ക് കനത്ത ആഘാതം സൃഷ്ടിക്കുകയും ചെയ്തുവെന്ന് നോട്ടീസിൽ പറയുന്നു. അതിനാൽ തന്നെ, എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഈ അപകീർത്തികരമായ വാർത്ത അടിയന്തരമായി നീക്കം ചെയ്യണമെന്നും സംപ്രേഷണം ചെയ്ത അതെ പ്രാധാന്യത്തോടെ തന്നെ തെറ്റ് തിരുത്തണമെന്നും ദ ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. 30 ദിവസത്തിനകം ഇതിന് തയ്യാറായില്ലെങ്കിൽ ജനം ടി.വിക്കതിരെ ശക്തമായ സിവിൽ, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

