Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'നായാടി മുതൽ നസ്രാണി...

'നായാടി മുതൽ നസ്രാണി വരെയല്ല, മനുഷ്യരാണ് ഒരുമിക്കേണ്ടത്, മതനിരപേക്ഷത ജീവവായു, ഒരായിരം തെരഞ്ഞെടുപ്പിൽ തോറ്റാലും നിലപാട് അത് തന്നെ'; സതീശനെ പിന്തുണച്ച് ടി.എൻ.പ്രതാപൻ

text_fields
bookmark_border
നായാടി മുതൽ നസ്രാണി വരെയല്ല, മനുഷ്യരാണ് ഒരുമിക്കേണ്ടത്, മതനിരപേക്ഷത ജീവവായു, ഒരായിരം തെരഞ്ഞെടുപ്പിൽ തോറ്റാലും നിലപാട് അത് തന്നെ; സതീശനെ പിന്തുണച്ച് ടി.എൻ.പ്രതാപൻ
cancel

തൃശൂർ: മതനിരപേക്ഷതയുമായി ബന്ധപ്പെട്ട നിലപാട് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ജീവവായുവാണെന്ന് കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ. എൻ.എസ്.എസ്-എസ്.എൻ.ഡി.പി സാമുദായിക സംഘടനകൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ പടയൊരുക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് പ്രതാപന്റെ പ്രതികരണം.

മതേതരത്വം ഒരുവശത്ത് പറഞ്ഞുകൊണ്ട് മറ്റൊരുവശത്ത് വിദ്വേഷപ്രസംഗം നടത്തുന്നവരെ നമ്മൾ പൊന്നാടയിട്ട് സ്വീകരിക്കരുതെന്നും കാറിൽ കയറ്റുന്നവരെ സൂക്ഷിച്ചുവേണമെന്നുമുള്ള പ്രസ്താവനയാണ് സതീശനെതിരെ തിരിയാൻ കാരണം. സതീശന്റെ പ്രസ്താവനയെ പിന്തുണക്കുന്ന തരത്തിലാണ് പ്രതാപന്റെ ഫേസ്ബുക്ക് കുറപ്പ്.

ഈ നാട് ബഹുസ്വരമായ, മതനിരപേക്ഷതയുടെ നാടാണ്. അല്ലാതെ ഇതൊരു മതരാഷ്ട്രമല്ല. ഒന്നല്ല ഒരായിരം തെരെഞ്ഞെടുപ്പിൽ തോറ്റാലും നിലപാട് അതുതന്നെയാണ് നിലപാടെന്നും ടി.എൻ.പ്രതാപനും ആവർത്തിച്ചു.

അധികാരത്തിന് വേണ്ടി അപരവത്കരണത്തിന് വേദി കൊടുക്കുകയാണ് ഇപ്പോൾ കേരളത്തിലെ സി.പി.എം ചെയ്യുന്നത്. ഒരു മതവിഭാഗത്തിനു നേരെ നിരന്തരം ആക്ഷേപകരവും വിദ്വേഷപരവുമായ പ്രസ്താവനകൾ ഇറക്കുന്നവരെ തോളിലേറ്റി നടക്കുന്നത് ഇടതുപക്ഷത്തിന്റെ തന്നെ പാരമ്പര്യത്തിന് എതിരാണെന്ന് താൻ ഓർമിപ്പിക്കേണ്ടതുണ്ടോയെന്നും പ്രതാപൻ ചോദിച്ചു.

കേരളത്തിൽ നായാടി മുതൽ നസ്രാണി വരെ മാത്രമല്ല, മനുഷ്യൻ മുതൽ മനുഷ്യൻ വരെ എല്ലാവരും ഒന്നിക്കണം. അതിൽ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും മതമില്ലാത്തവരും ഒക്കെയുണ്ടാവുമെന്നും പ്രതാപൻ ഓർമിപ്പിച്ചു.

ടി.എൻ.പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ്

"മതനിരപേക്ഷതയുമായി ബന്ധപ്പെട്ട നിലപാട് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ജീവവായുവാണ്. മതത്തിന്റെ പേരിൽ ഈ നാട് വെട്ടിമുറിക്കപ്പെടുമ്പോൾ ഇന്ത്യ എന്ന രാജ്യം ഒരു മതരാഷ്ട്രമാകില്ലെന്ന് തീർത്തുപറഞ്ഞവരാണ് കോൺഗ്രസുകാർ. ഗാന്ധിയും നെഹ്‌റുവും ആസാദും പട്ടേലും കൊളുത്തിയ ദീപശിഖയുടെ ഇന്ധനം തന്നെ ഈ തിരിച്ചറിവാണ്. "ഈ നാട് ബഹുസ്വരമായ, മതനിരപേക്ഷതയുടെ നാടാണ്. അല്ലാതെ ഇതൊരു മതരാഷ്ട്രമല്ല." ഒന്നല്ല ഒരായിരം തെരെഞ്ഞെടുപ്പിൽ തോറ്റാലും നിലപാട് അതുതന്നെയാണ്.

അധികാരത്തിന് വേണ്ടി അപരവത്കരണത്തിന് വേദി കൊടുക്കുകയാണ് ഇപ്പോൾ കേരളത്തിലെ സിപിഐഎം ചെയ്യുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിനു നേരെ നിരന്തരം ആക്ഷേപകരവും വിധ്വേഷപരവുമായ പ്രസ്താവനകൾ ഇറക്കുന്നവരെ തോളിലേറ്റി നടക്കുന്നത് ഇടതുപക്ഷത്തിന്റെ തന്നെ പാരമ്പര്യത്തിന് എതിരാണെന്ന് ഞാൻ ഓർമ്മിപ്പിക്കേണ്ടതുണ്ടോ? ഭരണത്തുടർച്ച എങ്ങനെ അധികാര ദുഷ്പ്രഭുത്വത്തിലേക്ക് പാർട്ടിയെ തള്ളി വിട്ടു എന്നും അത് എങ്ങനെ കേരളത്തിന്റെ ബഹുസ്വര-മതനിരപേക്ഷ നിലപാടിനെ തുരങ്കം വെക്കുന്നു എന്നും കേരള ജനത മനസിലാക്കിയതിന്റെ പ്രതിഫലനമാണ് തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം.

മഹാനായ ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും വാഗ്ഭടാനന്ദ ഗുരുവും ചട്ടമ്പി സ്വാമികളും മന്നത് പത്മനാഭനും വിശുദ്ധ ചാവറയച്ഛനും മഹാത്മാ അയ്യങ്കാളിയും മമ്പുറം തങ്ങളും സൈനുദ്ധീൻ മഖ്ദൂമും പണ്ഡിറ്റ് കറുപ്പനും തുടങ്ങി നമ്മുടെ നാടിന്റെ നവോത്ഥാന സങ്കൽപ്പങ്ങൾക്ക് ഊടും പാവും നൽകിയ മഹാരഥന്മാരുടെ വഴികളിൽ തന്നെയാണ് നമ്മൾ നീങ്ങേണ്ടത്. അവിടെ ഉൾക്കൊള്ളലിന്റെ വെളിച്ചമേ കാണൂ. ഒറ്റപ്പെടുത്തലിന്റെ, അപരവതകരണത്തിന്റെ, വർഗ്ഗീയ ധ്രുവീകരണത്തിന്റെ ഇരുട്ട് ഈ മഹാ മനീഷികളുടെ വഴിയല്ല. അത് എല്ലാവർക്കും ഓർമ്മ വേണം. സാമുദായിക സംഘടനകൾ ആകെ മനുഷ്യർക്കും ഉപകാരപ്പെടാനും അവരവരുടെ സമുദായങ്ങളിലെ പിന്നാക്ക ജനവിഭാഗത്തെ കൈപിടിച്ചുയർത്താനും വേണ്ടിയാണ്. ആ നേരത്ത് അപരനെ നോവിക്കാനും ഇല്ലാത്ത ശത്രുവിനെ കാട്ടി മനുഷ്യ മനസ്സുകളിൽ ഭീതിയും വെറുപ്പുമുണ്ടാക്കിയാൽ അവരെ കേരള ജനത തിരുത്തും. അത് നേരത്തേ പറഞ്ഞ മഹാരഥന്മാരോടുള്ള ആദരവ് കൂടിയാണ്.

കേരളത്തിൽ നായാടി മുതൽ നസ്രാണി വരെ മാത്രമല്ല, മനുഷ്യൻ മുതൽ മനുഷ്യൻ വരെ എല്ലാവരും ഒന്നിക്കണം. അതിൽ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും മതമില്ലാത്തവരും ഒക്കെയുണ്ടാവും. അങ്ങനെ സമുദായങ്ങൾ ഒന്നിക്കണം. മനുഷ്യർ ഒരുമിക്കണം. അതുതന്നെയാണ് എല്ലാവരും പറയുന്നത്. ബിജെപിയും സംഘപരിവാരവും തോറ്റ ഇടങ്ങളാണ് കേരളത്തിന്റെ സാമൂഹിക പരിസരങ്ങൾ. ശക്തമായ മതനിരപേക്ഷ നിലപാടുകളാണ് അതിന് സഹായകമായത്. യുഡിഎഫ് മാത്രമല്ല എൽഡിഎഫും അങ്ങനെ തന്നെയാണ് വർത്തിച്ചുപോന്നത്. എന്നാൽ സിപിഐഎമ്മിന് ഇപ്പോഴുണ്ടായിട്ടുള്ള ഈ അപചയം തിരുത്തിയേ മതിയാവൂ.

ഭഗവത് ഗീതയും ഖുർആനും ബൈബിളും ഗുരു ഗ്രന്ഥ സാഹിബും തുടങ്ങി ഓരോ വിശ്വാസിയുടെയും വിശുദ്ധ ഗ്രന്ഥങ്ങൾ കഴിഞ്ഞാൽ അവരുടെ ഏറ്റവും പവിത്രമായ ഗ്രന്ഥം ഇന്ത്യൻ ഭരണഘടനയാണ്. അത് മുറുകെ പിടിച്ചുകൊണ്ടാണ് ഓരോ കോൺഗ്രസുകാരനും പറയുന്നത്, വർഗ്ഗീയതയെ എന്തുവില കൊടുത്തും എതിർക്കും. അത് ഭൂരിപക്ഷ വർഗ്ഗീയതയായലും ശരി ന്യൂനപക്ഷ വർഗ്ഗീയതയായാലും ശരി."



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TN PrathapanCPMVD SatheesanCongress
News Summary - T.N. Prathapan's Facebook post
Next Story