Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘രമക്ക് ഇപ്പോൾ മരുന്നിനേക്കാൾ ആവശ്യം എന്റെ സാന്നിധ്യം’; എഐസിസി സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവായതിന്റെ കാരണം വെളിപ്പെടുത്തി ടിഎൻ പ്രതാപൻ

text_fields
bookmark_border
https://www.madhyamam.com/tags/tn-pratapan
cancel
camera_alt

ടി.എൻ. പ്രതാപൻ

തൃശൂർ: എ.ഐ.സി.സി സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കിയതിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ടി.എൻ. പ്രതാപന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഭാര്യ രമയുടെ ചികിത്സയുമായി ബന്ധപ്പെട്ട തിരക്കുകളാണ് സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ ഒഴിവാക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പ്രതാപൻ കുറിച്ചു.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ അതിന്റെ മുന്നൊരുക്കങ്ങൾക്കായി കൂടുതൽ സമയം സംസ്ഥാനത്ത് ചെലവഴിക്കേണ്ടി വന്നു. പിന്നീട് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതോടെ എ.ഐ.സി.സി സെക്രട്ടറി എന്ന നിലയിൽ ദേശീയതലത്തിൽ സജീവമായി പ്രവർത്തിക്കാനും കഴിഞ്ഞില്ല.

തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞ് ഫലം കാത്തിരിക്കുന്നതിനിടെയാണ് ഭാര്യ രമയുടെ അസുഖവിവരം അറിഞ്ഞത്. തുടർന്ന് ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലും വീട്ടിലും രമക്കൊപ്പം നിൽക്കേണ്ട സാഹചര്യമുണ്ടായി. ഇപ്പോൾ രമക്ക് മരുന്നിനേക്കാൾ ആവശ്യം തന്റെ സാന്നിധ്യവും കരുതലുമാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, കേരളത്തിൽ പാർട്ടി ഏൽപിക്കുന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ തയാറാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമെന്ന നിലയിൽ നേതൃത്വത്തെ അറിയിച്ചിരുന്നതായും പ്രതാപൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ സെക്രട്ടറിമാർക്ക് ഭാവുകങ്ങൾ. രാജ്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്ക് കരുത്താകാൻ ഇവർക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. ആദർശ നിഷ്ഠയും ഭരണഘടനയോടുള്ള പ്രതിബദ്ധതയും വഴികാട്ടട്ടെ. കേരളത്തിൽ നിന്ന് എഐസിസി സെക്രട്ടറിമാരായി നിയോഗിക്കപ്പെട്ട അനുജൻ അഡ്വ. എസ്. ശരത്, സൈമൺ അലക്സ്, അനിൽ എ തോമസ് എന്നിവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ.

വളരെ വിശ്വാസത്തോടുകൂടിയാണ് എന്നെ ഐഐസിസി സെക്രട്ടറിയായി ബഹുമാനപ്പെട്ട ഹൈക്കമാന്റ് ഒരു ഉത്തരവാദിത്തം ഏല്പിച്ചത്. അങ്ങനെയൊരു നിയോഗം എനിക്ക് നിശ്ചയിച്ചതിലും എന്നെ ആ പദവി വിശ്വസിച്ച് ഏല്പിച്ചതിലും ഹൈക്കമാന്റിനോട്, വിശിഷ്യാ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയപ്പെട്ട കെ.സി വേണുഗോപാലിനോട് വലിയ കടപ്പാടുണ്ട്.

ബൂത്ത്-മണ്ഡലം-ബ്ലോക്ക്-ഡിസിസി പ്രസിഡന്റ് സ്ഥാനങ്ങളിലും, കെപിസിസി സെക്രട്ടറി-വർക്കിങ് പ്രസിഡന്റ് ചുമതലകളിലും നന്നായി പ്രവർത്തിക്കാൻ സാധിച്ചു എന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എഐസിസി സെക്രട്ടറി സ്ഥാനം എന്നെ ഏല്പിച്ചത് എന്ന് അഭിമാനത്തോടെ വിശ്വസിക്കുന്നു.

പുതുച്ചേരിയിലും ലക്ഷദ്വീപിലും ചുമതല ഏല്പിക്കപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ രണ്ടിടങ്ങളിലും പലവട്ടം നേരിട്ട് സന്ദർശിക്കുകയും സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്തുപോന്നിരുന്നു.

അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനായിരിക്കെ നല്ല ബന്ധങ്ങളുണ്ടായിരുന്ന ഇടങ്ങളായിരുന്നു രണ്ട് പ്രദേശങ്ങളും എന്നത് കാര്യങ്ങൾ എളുപ്പമായിരുന്നു. പുതുച്ചേരിയിലെ പിസിസി പ്രസിഡന്റ് വൈതിലിംഗം എംപി പാർലമെന്റിൽ നല്ല സുഹൃത്തുമായിരുന്നു.

അതിനിടെയാണ് കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. അതിന്റെ തയ്യാറെടുപ്പുകൾക്ക് കൂടുതൽ സമയം കേരളത്തിൽ തന്നെ ചിലവഴിക്കേണ്ടിയും വന്നു.

പിന്നീട്, സ്ഥാനാർത്ഥി കൂടിയായതിനാൽ സ്വാഭാവികമായും എഐസിസി സെക്രട്ടറി എന്ന നിലക്ക് ദേശീയതലത്തിൽ സജീവമാകുവാൻ കഴിയാത്ത സാഹചര്യവുമായി.

ഇലക്ഷൻ കഴിഞ്ഞ്, കൗണ്ടിങ്ങിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് എന്റെ പ്രിയപ്പെട്ട രമയുടെ അസുഖവിവരങ്ങൾ അറിയുന്നതും പിന്നീട് ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലും വീട്ടിലും കൂടെ ചേർന്നു നിൽക്കേണ്ടിവന്നത്.

കഴിഞ്ഞ കാലമത്രയും പൊതുപ്രവർത്തനത്തിന്റെ പേരിൽ വീട്ടിലും വീട്ടുകാർക്കിടയിലും വളരെ കുറഞ്ഞ സമയം മാത്രം ചെലവഴിക്കാനേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. ഇപ്പോൾ രമയ്ക്ക് മരുന്നിനേക്കാൾ ആവശ്യം എന്റെ സാന്നിധ്യവും കരുതലുമാണ്. ഇതെനിക്ക് നൂറു ശതമാനം ബോധ്യമുണ്ട്.

വീടുമായി ബന്ധപ്പെട്ട് കൂടുതൽ സമയം ചെലവഴിക്കാൻ ഉള്ളതുകൊണ്ടുതന്നെയാണ് സംസ്ഥാനത്തിന് പുറത്തുള്ള പാർട്ടി ഉത്തരവാദിത്തമായ എഐസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് എന്നെ ഒഴിവാക്കണമെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും കോൺഗ്രസ് ഹൈക്കമാന്റിനോട് ഞാൻ രേഖാമൂലം ആവശ്യപ്പെടുന്നത്.

എന്നാൽ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗമെന്ന നിലയിൽ കേരളത്തിൽ പാർട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തങ്ങൾ സഗൗരവം നിർവ്വഹിക്കാൻ സന്നദ്ധനാണെന്നും നേതൃത്വത്തോട് അറിയിച്ചിരുന്നു.

ഇക്കാര്യം പുനഃസംഘടനയിൽ പരിഗണിച്ചതിന് നേതൃത്വത്തോട് കടപ്പാടുണ്ട്. സ്ഥാനങ്ങൾ അലങ്കാരങ്ങളായി വെച്ചുകൊണ്ടിരിക്കുന്നതിൽ അർത്ഥമില്ലല്ലോ. പ്രത്യേകിച്ച് ചടുലമായ, നിരന്തരമായ ഇടപെടലുകൾ സംഘടനാ തലത്തിൽ ആവശ്യമുള്ള നാളുകളാണിത്.

എഐസിസി സെക്രട്ടറി സ്ഥാനത്ത് എന്നെ മാറ്റിയതുമായി ബന്ധപ്പെട്ട വസ്തുതകൾ ഇതാണെന്നിരിക്കെ, ചില മാധ്യമങ്ങളിൽ വരുന്ന മറ്റു വാർത്തകൾ അടിസ്ഥാന രഹിതമാണ്.

പുതിയ നേതൃത്വം കോൺഗ്രസിന്റെ യശസ്സ് ഉയർത്തട്ടെ, രാജ്യത്തിന്റെ വെളിച്ചമാകട്ടെ.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story