അപായപ്പെടുത്തുമെന്ന് ഭീഷണി; അനിൽ അക്കരക്ക് പൊലീസ് സംരക്ഷണം വേണമെന്ന് പ്രതാപൻ
text_fieldsഅനിൽ അക്കര, ടി.എൻ പ്രതാപൻ
തൃശൂർ: ലൈഫ് മിഷൻ ഭവനപദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവരാൻ നിയമപരമായ ഇടപെടൽ നടത്തുന്ന അനിൽ അക്കര എം.എൽ.എക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ എം.പി. അനിൽ അക്കര എം.എൽ.എയെ അപായപ്പെടുത്തുമെന്ന് ഫോണിലൂടെയും വീടിൻെറ പരിസരത്തെത്തിയും ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.
എം.എൽ.എയെ അപായപ്പെടുത്താൻ ഡി.വൈ.എഫ്.ഐയെ കൂടാതെ വാടക സംഘങ്ങളെയും ഇറക്കിയതായി എം.പി ആരോപിച്ചു. ഭീഷണിപ്പെടുത്തിയാലും ആക്രമിച്ചാലും പിറകോട്ട് പോവില്ല. ഭരണകൂട പിന്തുണയോടെയുള്ള നീക്കമാണ് എം.എൽ.എക്കെതിരെ നടക്കുന്നത്.
രാഷ്ട്രീയമായാണെങ്കിൽ കോൺഗ്രസ് നേരിടുകയും സംരക്ഷണം നൽകുകയും ചെയ്യും. മറിച്ചായതിനാലാണ് സംരക്ഷണം ആവശ്യപ്പെടുന്നതെന്ന് എം.പി പറഞ്ഞു.