തൃണമൂൽ നേതാക്കളുടെ സുരക്ഷ കൂട്ടത്തോടെ വെട്ടിക്കുറച്ച് ബി.ജെ.പി സർക്കാർ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണമാറ്റത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാക്കളുടെയും മുൻ മന്ത്രിമാരുടെയും വിപുലമായ സുരക്ഷാ സംവിധാനങ്ങൾ കൂട്ടത്തോടെ വെട്ടിക്കുറച്ച് പുതിയ സർക്കാർ.
തൃണമൂൽ എം.പി അഭിഷേക് ബാനർജിയുടെ സുരക്ഷ വെട്ടിച്ചുരുക്കിയതിന് തൊട്ടുപിന്നാലെയാണ് മുതിർന്ന പാർട്ടി ഭാരവാഹികൾക്കെതിരെയും ഭരണകൂടത്തിന്റെ നിർണായക നീക്കം. ഇതോടെ കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിൽ സ്വാധീനമുള്ള തൃണമൂൽ നേതാക്കൾക്ക് ചുറ്റുമുണ്ടായിരുന്ന വിപുലമായ സുരക്ഷാ വലയങ്ങൾ അപ്രത്യക്ഷമായിത്തുടങ്ങി.ഇത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
രാജ്യസഭാംഗം രാജീവ് കുമാർ, മുതിർന്ന പാർട്ടി നേതാവ് ശോഭൻദേവ് ചതോപാധ്യായ, എം.എൽ.എ കുനാൽ ഘോഷ്, ചന്ദ്രിമ ഭട്ടാചാര്യ, അരൂപ് ബിശ്വാസ്, സുബ്രത ബക്ഷ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ സുരക്ഷയാണ് പുതിയ ഘട്ടത്തിൽ വെട്ടിക്കുറച്ചത്. നിലവിലെ ഭരണഘടനാ പദവികളും ഭീഷണികളും വിലയിരുത്തിയുള്ള പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച രാവിലെ മുതൽ പ്രമുഖ തൃണമൂൽ നേതാക്കളുടെ വീടുകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ ഗാർഡുകളും ബാരിക്കേഡുകളും പോലീസ് പൂർണമായും നീക്കം ചെയ്തു തുടങ്ങി. തൃണമൂൽ എം.പി കല്യാൺ ബാനർജി, ശോഭൻദേവ് ചതോപാധ്യായ, കുനാൽ ഘോഷ് എന്നിവരുടെ വസതികൾക്ക് മുന്നിലെ സുരക്ഷാ ക്രമീകരണങ്ങളാണ് ആദ്യം പിൻവലിച്ചത്.
പുതിയ ക്രമീകരണമനുസരിച്ച് രാജീവ് കുമാറിനും കല്യാൺ ബാനർജിക്കും എം.പിമാർക്ക് അർഹതപ്പെട്ട സാധാരണ സുരക്ഷ മാത്രമായിരിക്കും ഇനി ലഭിക്കുക. കുനാൽ ഘോഷിന് എം.എൽ.എ എന്ന നിലയിലുള്ള സുരക്ഷയും ലഭിക്കും. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അരൂപ് ബിശ്വാസ്, നിലവിൽ മന്ത്രിയല്ലാത്ത ശോഭൻദേവ് ചതോപാധ്യായ എന്നിവരുടെ മന്ത്രിതല സുരക്ഷയും ഇതോടെ ഇല്ലാതായി.
രാഷ്ട്രീയ നേതാക്കൾക്ക് പുറമെ, മുൻ മമതാ ബാനർജി സർക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും പുനഃപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. മുമ്പ് ആക്ടിങ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ജി.പി) ആയിരുന്ന ഡയറക്ടർ ഓഫ് സെക്യൂരിറ്റി പിയൂഷ് പാണ്ഡെയുടെ സുരക്ഷാ ക്രമീകരണങ്ങളിലും സംസ്ഥാന ഭരണകൂടം കുറവ് വരുത്തിയിട്ടുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള വിഭവ വിനിയോഗത്തിന്റെയും മുൻഗണനകളുടെയും പുനർമൂല്യനിർണയത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.തൃണമൂൽ കോൺഗ്രസ് ഭരണകാലത്ത് ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള അഭിഷേക് ബാനർജി എം.പിയുടെ വസതി അതീവ സുരക്ഷാ മേഖലയായാണ് നിലനിർത്തിയിരുന്നത്.
യാതൊരുവിധ മന്ത്രിസ്ഥാനവും ഇല്ലാത്ത ഒരു പാർലമെന്റ് അംഗത്തിന് എന്തിനാണ് ഇത്രയും വലിയ സുരക്ഷാ സന്നാഹമെന്ന് മുമ്പ് പ്രതിപക്ഷം നിരന്തരം ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ, എം.പിമാർക്ക് സാധാരണയായി നൽകിവരുന്ന സുരക്ഷാ പ്രോട്ടോക്കോളിലേക്ക് അഭിഷേകിന്റെ സുരക്ഷ മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് നേതാക്കളിലേക്കും ഈ നടപടി വ്യാപിപ്പിച്ചത്.
ഭരണമാറ്റത്തിന് ശേഷം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ-ഭരണപരമായ അന്തരീക്ഷം പൂർണമായും മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

