സ്കൂൾ വെടിവെപ്പ്: വിവാദപ്രസ്താവനയിൽ ഖേദവുമായി ടി.എം ശശി എം.എൽ.എ: ‘വസ്തുതാപരമായ പിഴവ് പറ്റി, വെടിപൊട്ടിയത് അബദ്ധത്തിലാണെന്ന വാർത്ത ശ്രദ്ധിച്ചിരുന്നില്ല’
text_fieldsപാലക്കാട്: പരുതൂർ സ്കൂളിൽ വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവം അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും സഹപാഠിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാർഥി സ്കൂളിലെത്തിയതെന്നുമുള്ള വിവാദ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് ആലത്തൂർ എം.എൽ.എയും സി.പി.എം നേതാവുമായ ടി.എം. ശശി. വിവാദ പ്രസ്താവന നിരുപാധികം പിൻവലിക്കുന്നതായും ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. പ്രസംഗത്തിൽ വസ്തുതാപരമായ പിഴവ് സംഭവിച്ചെന്നും അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന വാർത്ത തിരക്കിനിടയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് വിശദീകരണം.
ബുധനാഴ്ച പഴമ്പാലക്കോട് നടന്ന ആലത്തൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് സ്കൂൾ വെടിവെപ്പ് അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും വിദ്യാർഥികൾ തമ്മിലുള്ള പകയാണ് കാരണമെന്നും എം.എൽ.എ പരാമർശിച്ചത്. പുതിയ തലമുറയിൽ വളർന്നുവരുന്ന അക്രമവാസനകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സ്കൂൾ വെടിവെപ്പ് സംഭവം ഉദാഹരണമായി സൂചിപ്പിച്ചതെന്ന് ശശി വിശദീകരിച്ചു.
വെടിവെപ്പ് നടന്ന ദിവസം വൈകുന്നേരം ചില ചാനലുകളിൽ വന്ന വാർത്തകളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് പ്രസംഗത്തിൽ പരാമർശം നടത്തിയത്. എന്നാൽ, അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് തൊട്ടടുത്ത ദിവസം മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നത് തിരക്കിനിടയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യ ദിവസത്തെ വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ പ്രസംഗിച്ചത് ശരിയായില്ലെന്ന് മനസ്സിലാക്കുന്നുവെന്നും എം.എൽ.എ പറഞ്ഞു.
‘പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ഇതൊരു ഗുണപാഠമായി ഉൾക്കൊള്ളുന്നു. വാർത്തകൾക്കും വിവരങ്ങൾക്കും പിന്നിലെ വസ്തുതയിൽ വ്യക്തമായ ബോധ്യം വന്നശേഷം മാത്രം പൊതുവേദിയിൽ അവ പരാമർശിക്കുന്നതിനുള്ള നിതാന്ത ജാഗ്രത ഭാവിയിൽ പുലർത്തുന്നതാണ്. ഇന്നലത്തെ പ്രസംഗത്തിൽ സ്കൂൾ വെടിവെപ്പുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ പരാമർശം തെറ്റിദ്ധാരണകൾക്ക് ഇടയായി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അവ നിരുപാധികം പിൻവലിക്കുന്നതോടൊപ്പം ഒരിക്കൽ കൂടി ഖേദം പ്രകടിപ്പിച്ചുകൊള്ളുന്നു’ -ടി.എം. ശശി കുറിച്ചു.
കുട്ടികൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും സുഹൃത്തുക്കളാണെന്നുമാണ് പൊലീസും സ്കൂൾ അധികൃതരും വിശദീകരിച്ചിരുന്നു. തോക്ക് വല്യുപ്പയുടേതായിരുന്നെന്നും അബദ്ധത്തിൽ തന്റെ കൈവശം എത്തിയതാണെന്നും കുട്ടി മൊഴി നൽകി. തോക്ക് കൗതുകത്തിന്റെ പുറത്ത് പരിശോധിക്കുന്നതിനിടെ അറിയാതെ വെടിപൊട്ടുകയായിരുന്നു എന്നാണ് വെടിയേറ്റ കുട്ടി പൊലീസിനോട് പറഞ്ഞത്. അതേസമയം, വെടിവെപ്പ് സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നു. ബോർഡ് ഡിസംബർ അഞ്ചുവരെ കുട്ടിയെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ബോർഡ് ഉത്തരവിട്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആയുധം വീട്ടിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർഥിയുടെ മാതാവിനെതിരെയും ആയുധ നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം:
തെറ്റിദ്ധരിക്കപ്പെട്ട വാർത്തയുടെ നിജസ്ഥിതി..
ഇന്നലെ (25/11/2026) വൈകുന്നേരം പഴമ്പാലക്കോടിൽ നടന്ന ആലത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവ സമാപന സമ്മേളനത്തിന്റെ പ്രസംഗത്തിൽ ഞാൻ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ ഇന്ന് രാവിലെ മുതൽ ചില ചാനലുകളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വിവാദപരമായ വാർത്തക്ക് കാരണമായി എന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശങ്ങൾക്ക് ആദ്യമേതന്നെ ഖേദം പ്രകടിപ്പിക്കുന്നു.
രക്ഷകർത്താക്കളാലും, അധ്യാപകരാലും തൊണ്ണൂറ് ശതമാനത്തിലധിവും തിങ്ങി നിറഞ്ഞ സദസിൽ കലോത്സവം കുട്ടികളുടെ സർഗാത്മക വളർച്ചക്ക് വളരെയധികം സഹായകരമാകുമെന്നും, പുതിയ തലമുറയിൽ വളർന്നു വരുന്ന അക്രമവാസനകൾ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും, ജീവിതത്തിൽ ക്ഷമയും സഹനവും തോൽവിയും ശീലിക്കുന്നതിന് കലോത്സവ അനുഭവങ്ങൾ ഉപകാരപ്രദമായിരിക്കുമെന്നുമാണ് ഞാൻ പ്രസംഗത്തിന്റെ ഭാഗമായി പറഞ്ഞത്. പ്രസംഗത്തിന്റെ ബൈറ്റ് കേൾക്കുന്ന ആർക്കും ഇത് മനസിലാക്കാവുന്നതേയുള്ളു.
എന്നാൽ പുതിയ തലമുറയിലെ അക്രമവാസനക്ക് ഉദാഹരണമായി അടുത്തിടെ നടന്ന രണ്ട് അനിഷ്ട സംഭവങ്ങളായ കൊല്ലത്ത് ചെറുമകൾ മുത്തച്ഛനെ പ്ലാൻ ചെയ്തു കൊലപ്പെടുത്തിയതും, പാലക്കാട് പട്ടാമ്പിയിൽ ക്ലാസ് മുറിയിൽ നടന്ന വെടിവയ്പ്പും ഞാൻ ഉദാഹരണമായി സൂചിപ്പിച്ചിരുന്നു. പ്രസംഗിക്കുന്നതിന് തൊട്ട് മുൻപത്തെ ദിവസം പാലക്കാട് പട്ടാമ്പിയിലെ ഒരു സ്കൂളിൽ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് പറഞ്ഞ ഒരു വാചകത്തിൽ വസ്തുതാപരമായ പിഴവുകൾ ഉള്ളതായി മനസിലാക്കുന്നു.
വെടിവെപ്പിനു വിദ്യാർത്ഥികൾ തമ്മിലുള്ള പകയാണ് കാരണം, അത് നേരത്തെ കുട്ടി ചില സഹപാഠികളോട് പറഞ്ഞിരുന്നു എന്ന രീതിയിൽ വെടിവെയ്പ്പ് നടന്ന ദിവസം (24/11/2026) വൈകുന്നേരം ചില ചാനലുകളിൽ വന്ന ചർച്ചകളും വാർത്തകളും കണ്ടതാണ് പ്രസംഗസമയം മനസ്സിൽ വന്നതും പ്രസംഗത്തിൽ സൂചിപ്പിച്ചതും. എന്നാൽ സഹപാഠികൾക്കിടയിൽ ആളാകുന്നതിന് വേണ്ടി ക്ലാസിൽ കൊണ്ട് വന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് അടുത്ത ദിവസം (25/11/2026) മാധ്യമങ്ങൾ തലേന്ന് കൊടുത്ത വാർത്തയിൽ നിന്ന് വ്യത്യസ്തമായി സംഭവത്തിൽ വ്യക്തത വരുത്തിയത് തിരക്കിനിടയിൽ എനിക്ക് ശ്രദ്ധിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ ആദ്യ ദിവസത്തെ വാർത്തയുടെ മാത്രം അടിസ്ഥാനത്തിലും അറിവിലും പ്രസംഗിച്ചത് ശരിയായില്ല എന്ന് ഞാൻ മനസിലാക്കുന്നു.
പൊതുപ്രവർത്തകൻ എന്ന നിലയിലും, ജനപ്രതിനിധി എന്ന നിലയിലും ഇതൊരു ഗുണപാഠമായി ഉൾക്കൊള്ളുന്നു. വാർത്തകൾക്കും വിവരങ്ങൾക്കും പിന്നിലെ വസ്തുതയിൽ വ്യക്തമായ ബോധ്യം വന്ന ശേഷം മാത്രം പൊതുവേദിയിൽ അവ പരാമർശിക്കുന്നതിനുള്ള നിതാന്ത ജാഗ്രത ഭാവിയിൽ പുലർത്തുന്നതാണ്. ഇന്നലത്തെ പ്രസംഗത്തിൽ സ്കൂൾ വെടിവെയ്പുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ പരാമർശം തെറ്റിദ്ധാരണകൾക്ക് ഇടയായി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അവ നിരുപാധികം പിൻവലിക്കുന്നതോടൊപ്പം ഒരിക്കൽ കൂടി ഖേദം പ്രകടിപ്പിച്ച് കൊള്ളുന്നു.
ടി.എം ശശി എം.എൽ.എ
ആലത്തൂർ

