58 വർഷം മുമ്പ് പിണറായി വിജയൻ എഴുതിയ കത്ത് പുറത്ത് വിട്ട് ടി.കെ വിനോദൻ
text_fieldsകൊല്ലം : 58 വർഷം മുമ്പ് പിണറായി വിജയൻ എഴുതിയ കത്ത് പുറത്ത് വിട്ട് സാമൂഹിക പ്രവർത്തകനായ ടി.കെ വിനോദൻ. വിദ്യാർത്ഥിസംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ്, സംഘടനയുടെ സംസ്ഥാന സെക്രട്ടറിക്കയച്ച കത്താണ് ഫേസ് ബുക്കിൽ പ്രസിദ്ധീകരിച്ചത്. 1965 മേയ് 18ന് കെ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ആയിരുന്ന പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന ജി.സുഭാഷ്ചന്ദ്രബോസിന് അയച്ചതാണ് പോസ്റ്റ് കാർഡ്.
അര നൂറ്റാണ്ട് മുമ്പുള്ള വിദ്യാർത്ഥിസംഘടനാ പ്രവർത്തനത്തിൻ്റെ, പ്രത്യേകിച്ച് ഇടതുപക്ഷ വിദ്യാർഥിസംഘടനാ പ്രവർത്തനത്തിൻ്റെ രീതിയും സ്വഭാവവും എങ്ങനെയായിരുന്നു എന്നതിൻ്റെ ചെറിയ സൂചന നല്കാൻ ഈ കത്ത് സഹായകമായേക്കുമെന്ന് വിനോദൻ കുറിച്ചു.
കത്തിന്റെ പൂർണരൂപം
താങ്കളുടെ എഴുത്ത് 15-ാം നു എനിക്ക് കിട്ടി. ഞങ്ങളുടെ കേമ്പ് കണ്ണൂരിൽ കൂത്തുപറമ്പ് മണ്ഡലത്തിലുള്ള വേങ്ങാട് എന്ന സ്ഥലത്തുവെച്ച് മെയ് 28,29,30 തിയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. കേമ്പിൽ സ.ഇ.യം.എസ്സ് പങ്കെടുക്കേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനുവേണ്ടി താങ്കൾ ഒന്നെഴുതേണം.
ഇ.യം.എസ്സ് പങ്കെടുക്കാതിരിക്കുകയാണെങ്കിൽ സ:ചക്രപാണി നിർബ്ബന്ധമായും പങ്കെടുത്തേ തീരു. അതും താങ്കളുടെ ശ്രദ്ധയിൽ ഉണ്ടായിരിക്കേണം. 30-ാം നുയിലെ പൊതു സമ്മേളനത്തിൽ ആർ.സി ഉണ്ണിത്താനെ കിട്ടിയാൽ നന്നായിരുന്നു. 30-ാം നുത്തെ വിദ്യാഭ്യാസ സമ്മേളനത്തിൽ മുണ്ടശ്ശേരിയെ നിർബ്ബന്ധമായും കിട്ടേണം. അദ്ദേഹത്തെ പൊതു സമ്മേളനത്തിലും പങ്കെടുപ്പിക്കാമായിരുന്നു. ഈ കാര്യങ്ങളെല്ലാം താങ്കൾ ഗൗരവമായെടുക്കേണമെന്നും ഇവരെ പങ്കെടുപ്പിക്കുവാൻ പരിശ്രമിക്കേണമെന്നും അഭ്യർത്ഥിക്കുകയാണ്. താങ്കൾ കേമ്പിൽ പങ്കെടുക്കുവാൻ 27-ാം നു തന്നെ തലശ്ശേരിയിൽ എത്തേണമെന്ന് അഭ്യർത്ഥന.
അഭിവാദ്യങ്ങളോടെ
പിണറായി വിജയൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

