Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതളിപ്പറമ്പ്...

തളിപ്പറമ്പ് സി.പി.എമ്മിൽ പൊട്ടിത്തെറി; ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു, ശ്യാമളക്കെതിരെ മത്സരിക്കും, പിന്തുണക്കാൻ യു.ഡി.എഫ്?

text_fields
bookmark_border
തളിപ്പറമ്പ് സി.പി.എമ്മിൽ പൊട്ടിത്തെറി; ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു, ശ്യാമളക്കെതിരെ മത്സരിക്കും, പിന്തുണക്കാൻ യു.ഡി.എഫ്?
cancel

കണ്ണൂർ: പാർട്ടി കോട്ടയായ തളിപ്പറമ്പിൽ സി.പി.എമ്മിൽ പൊട്ടിത്തെറി. ഇടത് സ്ഥാനാർഥി പി.കെ. ശ്യാമളക്കെതിരെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റംഗവും ഹാൻവീവ് ചെയർമാനുമായ ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിക്കും.

സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായും പാർട്ടി വിടുന്നതായും തീരുമാനത്തിൽ പ്രതിഷേധിച്ച് തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു. പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഗോവിന്ദൻ നടത്തിയത്. ശ്യാമളയെ സ്ഥാനാർഥി ആക്കിയതിൽ സീനിയോറിറ്റി ഉൾപ്പടെയുള്ള ഘടകങ്ങൾ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടിക്കെതിരെ രംഗത്തുവന്നത്. അറുപത് വർഷത്തോളമായി രാഷ്ട്രീയത്തിൽ സജീവമാണെന്നും ഇപ്പോഴുണ്ടായത് ധാർമികതക്ക് ചേരാത്ത തീരുമാനമാണെന്നും ഗോവിന്ദൻ പറഞ്ഞു.

പാർട്ടിയിൽ ഒരുകാലത്തും ഉണ്ടാകാത്ത പ്രവണത ഇത്തവണ തളിപ്പറമ്പിലുണ്ടായി. സംഘടനാരീതിക്ക് ചേരാത്ത നടപടിയാണിത്. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ജില്ലാ കമ്മിറ്റിയിൽ വലിയ വിമർശനം ഉയർന്നു. വിഷയം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നാൽ ഒരു പുനഃപരിശോധനയും ഉണ്ടായില്ല. ഇങ്ങനെ പോയാൽ പാർട്ടി നശിക്കും. അഴിമതിക്കാരെ പാർട്ടി സംരക്ഷിക്കുകയാണ്. യു.ഡി.എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കും. ബി.ജെ.പി ഉൾപ്പെടെ വർഗീയ ശക്തികളുടെ പിന്തുണ സ്വീകരിക്കില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം, ഗോവിന്ദന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചേക്കും. കണ്ണൂർ ഡി.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ ഗോവിന്ദനെ പിന്തുണക്കാൻ തീരുമാനിച്ചതായാണ് വിവരം. തളിപ്പറമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച വി.പി. അബ്ദുൽ റഷീദിനെ ആദ്യം തീരുമാനിച്ചെങ്കിലും പുതിയ സാഹചര്യത്തിൽ ടി.കെ. ഗോവിന്ദനെ പിന്തുണക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നേതാക്കൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പാർട്ടിയുടെ കോട്ടയായ മണ്ഡലത്തിൽ ജില്ല സെക്രട്ടറിയേറ്റംഗം തന്നെ വിമതനായി രംഗത്തുവന്നത് നേതൃത്വത്തിന് തലവേദനയായി. രാവിലെ നടന്ന എൽ.ഡി.എഫ് മണ്ഡലം യോഗത്തിൽനിന്ന് ഗോവിന്ദൻ വിട്ടുനിന്നിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ കൂടിയായ പി.കെ. ശ്യാമളയെ സ്ഥാനാർഥി ആക്കിയതിൽ ആദ്യമേ മണ്ഡലത്തിൽ മുറുമുറപ്പുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മുതിർന്ന നേതാവ് തന്നെ പരസ്യമായി രംഗത്തുവന്നത്. നേരത്തെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരേ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം.

അതിനിടെ, സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ശ്യാമള മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രവാസി വ്യവസായി ആന്തൂരിലെ സാജന്റെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ വിവാദത്തിലാക്കിയത്. പാർട്ടി സെക്രട്ടറിയായതിനാൽ എം.വി. ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തിൽ ഭാര്യയെ പകരം സ്ഥാനാർഥിയാക്കി എന്ന ആക്ഷേപമാണ് പാർട്ടി അണികളിൽ നിന്ന് ഉയരുന്നത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV Govindankerala assembly electionPK ShyamalaCPM
News Summary - TK Govindan to contest as a rebel against Shyamala
Next Story