ഇത് ഏത് പാർട്ടി രീതി; പിണറായിയുടെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി.കെ. ഗോവിന്ദൻ
text_fieldsടി.കെ. ഗോവിന്ദൻ, പിണറായി വിജയൻ
തിരുവനന്തപുരം: പിണറായി വിജയന്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പി.ബി അംഗം എന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നും ഗോവിന്ദൻ വിമർശിച്ചു.
‘ഇത് ഏത് പാർട്ടി രീതിയാണ്. പിണറായിയുടേത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളി എന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണ്. എന്നാൽ, ഈ പോരായ്മ പിണറായി പ്രസംഗത്തിൽ പറഞ്ഞില്ല. പാർട്ടി തെറ്റുതിരുത്താൻ പോകുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് ഇത്’ - ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെയും ഗോവിന്ദൻ കുറ്റപ്പെടുത്തി. രാഗേഷ് ജനിക്കും മുമ്പ് പാർട്ടി നേതൃത്വത്തിൽ വന്നയാളാണ് താനെന്നും തന്നെ വിമർശിക്കും മുൻപ് രാഗേഷ് കണ്ണാടിയിൽ നോക്കണമായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. വ്യക്തി അധിക്ഷേപം തിരിച്ചുപറയുന്നില്ല. വയറിങ്, പ്ലംബിങ് തൊഴിലാളി ആയാണ് രാഗേഷ് പാർട്ടിയിൽ വന്നത്. അന്നുള്ള സ്വത്തും ഇപ്പോഴുള്ള സ്വത്തും അന്വേഷിക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.
തളിപ്പറമ്പില്‍ സംഘടിപ്പിച്ച സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍, പാർട്ടിയിൽ നിന്ന് പുറത്തായ ടി.കെ. ഗോവിന്ദന്‍ എം.എല്‍.എയെ പേരെടുത്ത് പറഞ്ഞായിരുന്നു പിണറായിയുടെ വിമർശനം. പാര്‍ട്ടിയെ തകര്‍ക്കുക എന്ന എതിരാളികളുടെ ലക്ഷ്യം മനസ്സിലാക്കാതെയാണ് അവസരവാദിയായ ഗോവിന്ദനെ ഒരു വിഭാഗം ആളുകള്‍ സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.
‘മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാര്‍ട്ടി അണികള്‍ക്കുമേല്‍ പാര്‍ട്ടി വിട്ടവരടക്കം ഉണ്ടാക്കിയ തെറ്റിദ്ധാരണയും തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായി. ടി കെ ഗോവിന്ദനെ സ്വീകരിച്ചതില്‍ ഇപ്പോള്‍ പലര്‍ക്കും മനസ്താപം ഉണ്ടായിട്ടുണ്ടാകാം. പാര്‍ട്ടിയെ തകര്‍ക്കുക എന്ന ഉദ്ദേശം മനസിലാക്കാന്‍ കഴിയാതിരുന്ന ഒരു കൂട്ടം ആളുകള്‍ ഗോവിന്ദനെ സ്വീകരിക്കുന്ന നിലയുണ്ടായി. വ്യാജ പ്രചാരവേലയില്‍ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് എല്‍.ഡി.എഫിനൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇത്തവണ മാറി ചിന്തിച്ചത്. പാര്‍ട്ടി തകരണം എന്ന് ആഗ്രഹിക്കുന്നവര്‍ അല്ല ഗോവിന്ദനെ സ്വീകരിച്ചത്. അവരില്‍ ഇപ്പോള്‍ ഖേദിക്കുന്നവര്‍ ഉണ്ടാകാം. അവര്‍ പാര്‍ട്ടി വികാരത്തോടെ ശരിയായ നിലപാട് സ്വീകരിക്കണം’ -പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

