എം.ടി ഉത്സവത്തിന് തിരൂർ ഒരുങ്ങി; ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയും മമ്മൂട്ടിയും
text_fieldsതിരൂര്‍: എം.ടി. വാസുദേവന്‍ നായരുടെ നവതിയോടനുബന്ധിച്ച് തിരൂർ തുഞ്ചന്‍പറമ്പില്‍ മേയ് 16 മുതല്‍ 20 വരെ നടക്കുന്ന ‘സാദരം -എം.ടി’ ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സാംസ്കാരിക വകുപ്പും തുഞ്ചൻ സ്മാരക ട്രസ്റ്റും ചേർന്നാണ് അഞ്ചുദിനം നീളുന്ന എം.ടി ഉത്സവം സംഘടിപ്പിക്കുന്നത്.
രാഷ്ട്രീയ, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. നടൻ മമ്മൂട്ടി മുഖ്യാതിഥിയാവും. കാഴ്ചപ്രദർശനം ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. ബുധനാഴ്ച എം.ടിയുടെ നോവല്‍ ഭൂമിക, കഥാപ്രപഞ്ചം, സ്നേഹസംഗമം എന്നിവ നടക്കും.
വ്യാഴാഴ്ച എം.ടിയുടെ ചലച്ചിത്രകാലം, എം.ടി എന്ന പത്രാധിപജീവിതം സെമിനാറുകളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജോൺ ബ്രിട്ടാസ് എം.പി, ഹരിഹരൻ, കെ. ജയകുമാർ, സീമ, പ്രിയദർശൻ, വിനീത്, ലാൽജോസ്, ആലങ്കോട് ലീലാകൃഷ്ണൻ, എം.എൻ. കാരശ്ശേരി എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ച ‘അറിയുന്ന എം.ടി, അറിയേണ്ട എം.ടി’, എം.ടി തലമുറകളിലൂടെ എന്നിവയും സമാപന ദിനമായ ശനിയാഴ്ച ‘എം.ടിയും തുഞ്ചന്‍പറമ്പും’ സെമിനാറും നടക്കും.
എം.ടി സിനിമകളുടെ പ്രദര്‍ശനം, ഗാനസന്ധ്യ, നൃത്താവിഷ്‌കാരം, നാടകം, ഗാനമേള തുടങ്ങിയ കലാപരിപാടികളും എം.ടിയുമായി ബന്ധപ്പെട്ട പ്രദര്‍ശനവും അഞ്ച് ദിനങ്ങളിലായി അരങ്ങേറും. സമാപന സമ്മേളനത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രി വി. അബ്ദുറഹ്മാൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

