ഫൗസിയയെ കൊന്ന് ചാക്കിൽകെട്ടി പുഴയിലെറിഞ്ഞത് നങ്കൂരത്തോടൊപ്പം; വീട്ടിൽനിന്ന് വിളിച്ചിറക്കിയത് വലയിൽ മീൻ കുടുങ്ങിയെന്ന് പറഞ്ഞ്
text_fieldsതിരൂർ: കൂട്ടായി പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈന്റെ ഭാര്യ ഫൗസിയയുടെ (37) മൃതദേഹം പുഴയിലെറിഞ്ഞത് ചാക്കിലാക്കി നങ്കൂരത്തിൽ കെട്ടിയ ശേഷം. ‘വലയിൽ മീൻ കുടുങ്ങിയിട്ടുണ്ട്, എടുക്കാൻ കൂടെ വരണം’ എന്ന് പറഞ്ഞ് വ്യാഴാഴ്ച പുലർച്ചെയാണ് ഭർത്താവ് ഫൗസിയയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. പിന്നീട് ഇന്നലെ ഉചയോടെയാണ് പടിഞ്ഞാറേക്കര ബോട്ട് ജെട്ടിക്ക് സമീപം മൃതദേഹം കണ്ടെത്തിയത്. ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹുസൈനെ കണ്ടെത്താനായിട്ടില്ല.
തങ്ങളോടൊപ്പം ഉറങ്ങുകയായിരുന്ന ഉമ്മയെ വിളിച്ചുണർത്തി, കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയിട്ടുണ്ടെന്നും അത് എടുക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് കൊണ്ടുപോയതെന്നാണ് മക്കൾ പൊലീസിന് നൽകിയ മൊഴി. ബുധനാഴ്ച രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഇതിനിടെ ഫൗസിയ പ്രാണരക്ഷാർഥം അയൽവീട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തിരുന്നു. സ്ഥിരമായി മദ്യപിച്ചും ലഹരി ഉപയോഗിച്ചും വീട്ടിലെത്തുന്ന ഹുസൈൻ ഭാര്യയെ ഉപദ്രവിക്കുകയും വീട്ടിൽ ബഹളമുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
മത്സ്യത്തൊഴിലാളിയായ ഹുസൈൻ കടലിൽ വലയെറിഞ്ഞ് മീൻപിടിക്കുമ്പോൾ ഭാര്യയും മക്കളും സഹായത്തിനായി കൂടെ പോകാറുണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് അർധരാത്രി ഫൗസിയയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നു. രാവിലെ ഇരുവരെയും വീട്ടിൽ കാണാതായപ്പോൾ ജോലിക്ക് പോയതാകുമെന്നാണ് മക്കൾ കരുതിയത്. തുടർന്ന് മകൻ ജോലിക്കും മകൾ സ്കൂളിലേക്കും പോയി. വൈകീട്ടും ഫൗസിയയെും ഹുസൈനെയും കാണാതായതോടെ തിരൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറേക്കര ബോട്ട് ജെട്ടിയിൽ മത്സ്യബന്ധനത്തിനായി ബോട്ട് കടലിലേക്ക് ഇറക്കുന്നതിനിടെ നങ്കൂരം ഉയർത്തുമ്പോഴാണ് മറ്റൊരു നങ്കൂരം കുടുങ്ങിയതായി മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. കുടുങ്ങിയ നങ്കൂരം വലിച്ചുകയറ്റിയപ്പോഴാണ് അതിന്റെ അറ്റത്ത് ചാക്ക് കെട്ടിയ നിലയിൽ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ദമ്പതികളുടെ വീട്ടിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ഹുസൈനെ കാണാതായിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ വ്യാഴാഴ്ച പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് ഓണാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫൗസിയ അയൽപക്കത്തുള്ള വീടുകളിൽ ജോലിക്ക് പോകുന്നയാളായിരുന്നു. മക്കൾ: ഷബീബ്, ബിൻസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

