ദേശമംഗലം: വീട് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുമായെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് പഞ്ചായത്ത് കുളത്തിലേക്ക് മറിഞ്ഞ് കാണാതായത് വൻ പരിഭ്രാന്തി പരത്തി. ദേശമംഗലം മലബാർ എൻജിനീയറിങ് കോളജിന് സമീപമാണ് സംഭവം. പള്ളത്ത് പീടികയിൽ അബ്ദുൽ റഹ്മാെൻറ വീട് നിർമ്മാണത്തിനാവശ്യമായ കോൺക്രീറ്റ് ഇഷ്ടികയുമായെത്തിയ ടിപ്പറാണ് അപകടത്തിൽ പെട്ടത്.
പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള കളരി കുളത്തിന് സമീപത്ത് കൂടി പോകുമ്പോൾ അരിക് ഇടിഞ്ഞ് 25 അടി താഴ്ചയിലുള്ള കുളത്തിലേക്ക് വണ്ടി മറിയുകയായിരുന്നു. വണ്ടി പൂർണമായും താഴ്ന്ന് പോവുകയും ചെയ്തു. ഓടിക്കൂടിയ ജനങ്ങളാണ് അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്. ഡ്രൈവർ കോറോത്ത് വീട്ടിൽ സഫ്വാൻ (23) കുറച്ച് കഴിഞ്ഞപ്പോൾ നീന്തി പൊങ്ങിവെന്നങ്കിലും ചുമട്ട് തൊഴിലാളിയായ മുടന്നയിൽ അബ്ദുൽ റഹ്മാൻ (47) രക്ഷപ്പെടാൻ പറ്റാത്ത വിധം വണ്ടിയിൽ കുടുങ്ങിയിരുന്നു.
അബ്ദുൽ റഹ്മാനെ കാണാതായത് ജനങ്ങളിൽ ഭീതി പരത്തി. ഏകദേശം അഞ്ച് മിനിറ്റിന് ശേഷം അബ്ദുൽ റഹ്മാനും പുറത്ത് വന്നതോടെയാണ് ആശ്വാസമായത്. അബ്ദുൽ റഹ്മാൻ അവശനിലയിലായിരിന്നു. ഇരുവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.