വൈകീട്ടുള്ള ഇടവേള പത്ത് മിനിറ്റ്; ഉച്ചഭക്ഷണ ഇടവേള 55 മിനിറ്റാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: അരമണിക്കൂർ അധ്യയനം വർധിപ്പിക്കുന്ന ഹൈസ്കൂൾ ക്ലാസുകൾക്കായുള്ള കരട് ടൈംടേബിൾ തയാറായി. നിലവിൽ പത്ത് മണിക്ക് തുടങ്ങുന്ന സ്കൂളുകളിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് 9.45ന് അധ്യയനം തുടങ്ങുകയും നാലിന് അവസാനിക്കുന്നത് 4.15ന് ആക്കിയുമാണ് ടൈംടബിൾ തയാറാക്കിയത്. എട്ട് പീരിയഡുകളിൽ രണ്ടെണ്ണത്തിൽ അര മണിക്കൂറും ആറെണ്ണത്തിൽ 45 മിനിറ്റുമാണ് ദൈർഘ്യമായി നിർദേശിച്ചിരിക്കുന്നത്.
വൈകീട്ടുള്ള ഇടവേള സമയം അഞ്ച് മിനിറ്റുള്ളത് പത്ത് മിനിറ്റാക്കാനും നിർദേശമുണ്ട്. ഇതിനായി ഉച്ചഭക്ഷണ ഇടവേള ഒരു മണിക്കൂർ എന്നത് 55 മിനിറ്റുമാക്കി. രാവിലെ 9.45ന് തുടങ്ങുന്ന ഒന്നാമത്തെ പീരിയഡ് 10.30നും രണ്ടാമത്തെ പീരിയഡ് 10.30 മുതൽ 11.15 വരെയുമായിരിക്കും. ഇതിന് ശേഷം പത്ത് മിനിറ്റ് ഇടവേള. 11.25 മുതൽ 12.10 വരെ മൂന്നാമത്തെ പീരിയഡും 12.10 മുതൽ 12.50 വരെ നാലാമത്തെ പീരിയഡും. 12.50 മുതൽ 1.45 വരെയാണ് ഉച്ചഭക്ഷണ ഇടവേള.
1.45 മുതൽ 2.25 വരെ അഞ്ചാമത്തെ പീരിയഡും 2.25 മുതൽ 3.05 വരെ ആറാമത്തെ പീരിയഡും. ഇതിന് ശേഷം പത്ത് മിനിറ്റ് ഇടവേള. 3.15 മുതൽ 3.45 വരെ ഏഴാമത്തെ പീരിയഡും 3.45 മുതൽ 4.15 വരെ എട്ടാമത്തെ പീരിയഡുമാണ് കരടിൽ നിർദേശിച്ചിരിക്കുന്നത്.
സ്കൂളുകളിൽ എട്ട് പീരിയഡ് നിശ്ചയിച്ച് നേരത്തെ സർക്കാർ ഉത്തരവുണ്ടെങ്കിലും ഒട്ടേറെ സ്കൂളുകൾ പ്രാദേശികമായ സൗകര്യംകൂടി പരിഗണിച്ച് ഏഴ് പിരീയഡിൽ ക്രമീകരിച്ചാണ് സ്കൂൾ സമയം പൂർത്തിയാക്കുന്നത്. കരട് ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പരിശോധനക്ക് ശേഷം അന്തിമ തീരുമാനമെടുക്കും.
അക്കാദമിക് മാസ്റ്റർ പ്ലാൻ 10നകം -മന്ത്രി
ആലപ്പുഴ: സ്കൂളുകളിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ ജൂൺ 10നകം പ്രസിദ്ധീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2025-26 സമഗ്ര ഗുണമേന്മാ വർഷമായി പരിഗണിച്ചാവും അധ്യയന വർഷത്തെ അക്കാദമിക പദ്ധതികൾ അടക്കം നടപ്പാക്കുകയെന്നും അദ്ദേഹം ആലപ്പുഴയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രീപ്രൈമറി ശാക്തീകരിക്കുന്നതിനുള്ള നടപടികൾ ഈ വർഷം കൈക്കൊള്ളും. മൂല്യനിർണയ പരിഷ്കരണവും ഈ വർഷം പൂർത്തിയാക്കും.
നവ അധ്യാപകർക്ക് നിർബന്ധിത പരിശീലനം നടപ്പാക്കും. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ തന്നെ നേടി എന്ന് ഉറപ്പാക്കുന്നതിന് സമഗ്ര ഗുണമേന്മാ പദ്ധതി നടപ്പാക്കിവരുകയാണ്. ഒന്നാം ക്ലാസ് പാഠ്യപദ്ധതി, പാഠപുസ്തകം എന്നിവ പരിഷ്കരിച്ച സാഹചര്യത്തിൽ സമഗ്രശിക്ഷാ കേരളം 2025-26 വർഷത്തേക്ക് ‘ഒന്നൊരുക്കം’ എന്ന പേരിൽ അധ്യയന വർഷത്തെ ആദ്യത്തെ രണ്ടാഴ്ച നടപ്പാക്കാൻ സന്നദ്ധത പാക്കേജ് തയാറാക്കിയിട്ടുണ്ട്.
ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ രക്ഷാകർത്താക്കൾക്കായി 'ഒന്നൊരുക്കം വീടൊരുക്കം' പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ഒന്നാംക്ലാസ് പ്രവേശനം സുതാര്യമാണെന്നും മത്സര പരീക്ഷയോ നിയമാനുസൃതം അല്ലാത്ത ഫണ്ട്പിരിവോ ഇല്ലെന്നും ഉറപ്പാക്കാൻ നടപടി കൈക്കൊള്ളാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

