സമയം കിറുകൃത്യം; ശാന്തം കോൺഗ്രസിലെ നേതൃമാറ്റം
text_fieldsതിരുവനന്തപുരം: ഏറെ കോലാഹലമുണ്ടാക്കുമെന്ന് കണക്കുകൂട്ടിയ നേതൃമാറ്റം അപസ്വരമില്ലാതെ പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. കെ. സുധാകരനെ മാറ്റാൻ ഹൈകമാൻഡ് തീരുമാനിച്ചിട്ട് മാസങ്ങളായി. മാറ്റാൻ തുനിഞ്ഞപ്പോഴെല്ലാം വിവാദമായി പിൻവാങ്ങേണ്ടി വന്ന ഹൈകമാൻഡിന് അതിർത്തി സംഘർഷം സുവർണാവസരമായി. അവസാനനിമിഷവും സ്ഥാനം നിലനിർത്താൻ ശ്രമിച്ച സുധാകരൻ പോലും പ്രഖ്യാപനം വന്നപ്പോൾ മറുത്തൊരക്ഷരം പറഞ്ഞില്ല.
രാജ്യം യുദ്ധമുഖത്ത് നിൽക്കുമ്പോൾ പാർട്ടി സ്ഥാനത്തെ ചൊല്ലി കലഹിച്ചാൽ ജനം പുച്ഛിക്കുമെന്ന തിരിച്ചറിവിൽ നേതാക്കളെല്ലാം സംയമനം പാലിച്ചത് കാര്യങ്ങൾ എളുപ്പമാക്കി. സമീപകാലത്തെ ഏറ്റവും സമാധാനപരമായ നേതൃമാറ്റമാണ് കോൺഗ്രസിൽ നടന്നത്. നേതൃമാറ്റത്തിന്റെ സമയം എന്നതുപോലെ, നേതാക്കളുടെ തെരഞ്ഞെടുപ്പും ഏറെക്കുറെ കൃത്യമായതും എല്ലാം ശാന്തമായി പൂർത്തിയാക്കാൻ സഹായിച്ചു. ഭരണം പിടിച്ചില്ലെങ്കിൽ പാർട്ടി തകർച്ചയിലേക്കെന്ന് നേതൃത്വവും തിരിച്ചറിഞ്ഞു.
ഭരണം പിടിക്കണമെങ്കിൽ പരമ്പരാഗത ശക്തികളായ ക്രൈസ്തവ വിഭാഗങ്ങളെ തിരികെ പിടിക്കണം. എ.കെ. ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം, കോണ്‍ഗ്രസിൽ ശക്തനായ ക്രൈസ്തവ നേതാവില്ലെന്ന ആക്ഷേപം സഭകൾക്കുണ്ട്. ക്രിസ്ത്യൻ വോട്ടുകളിലേക്ക് കടന്നുകയറാൻ ബി.ജെ.പി വലിയ നീക്കങ്ങളാണ് നടത്തുന്നത്.
തൃശൂരിൽ സുരേഷ് ഗോപിയുടെ ജയം അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നുമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 11 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി ഒന്നാമതെത്തിയിരുന്നു. ക്രിസ്ത്യൻ വോട്ട് ബി.ജെ.പി സ്വാധീനിച്ചാൽ ഭരണം കോൺഗ്രസിന് സ്വപ്നമായി ശേഷിക്കും.
ആർ.സി വിഭാഗക്കാരനും സഭകളുമായി നല്ല അടുപ്പവുമുള്ള സണ്ണി ജോസഫിനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചത് ആ വോട്ടുകൾ ആകർഷിക്കാൻ പോന്ന നീക്കമാണ്. സുധാകരനെ മാറ്റിയതിന് പകരം ഈഴവ വിഭാഗത്തിനുള്ള പരിഗണനയായി അടൂർ പ്രകാശിനെ യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് പ്രതിഷ്ഠിച്ചതും സമർഥമായ നീക്കമാണ്.
മുസ്ലിം വിഭാഗത്തിൽ കൂടുതൽ ജനസ്വീകാര്യതയുള്ള ഷാഫി പറമ്പിലിനെയും എൻ.എസ്.എസ് ഉൾപ്പെടെ മുന്നാക്ക വിഭാഗങ്ങളിൽ സ്വീകാര്യനായ പി.സി. വിഷ്ണുനാഥിനെയും ദലിത് പ്രതിനിധിയായി എ.പി. അനിൽകുമാറിനെയും വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടു വന്നതിലൂടെ സാമുദായിക സന്തുലിത്വം പാലിക്കാനും കഴിഞ്ഞു.
സുധാകരനെ പ്രവർത്തകസമിതിയിലേക്ക് ഉയർത്തി ആശ്വസിപ്പിച്ചതോടെ തഴയപ്പെട്ടവർക്കുപോലും കുറ്റംപറയാൻ കഴിയാത്ത നിലയിൽ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞു. ഇനിയുള്ള ദൗത്യം പുതിയ സംഘത്തിന്റെ ചുമലിലാണ്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഒറ്റക്കെട്ടായി ജനങ്ങളിലേക്ക് ഇറങ്ങാനാണ് പുതിയ നേതൃത്വത്തിന് ഹൈകമാൻഡ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

