കുസാറ്റ് പ്രവേശന പരീക്ഷയിൽ സമയ വിവാദം
text_fieldsകളമശ്ശേരി: കുസാറ്റിന്റെ ബി വോക്ക് പ്രവേശന പരീക്ഷ യൂനിവേഴ്‌സിറ്റി അനാസ്ഥമൂലം അവതാളത്തിലായി. പരീക്ഷയെഴുതിയവരെല്ലാം സമയ നഷ്ടത്തിൽ പ്രയാസത്തിലായി. ഹാള്‍ടിക്കറ്റില്‍ രാവിലെ 9.30 മുതല്‍ 12.30 വരെ പരീക്ഷയെന്ന് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് പരീക്ഷയെഴുതിയ വിദ്യാർഥികള്‍ക്ക് 11.30 വരെയാണ് സമയം നൽകിയത്.
ബി വോക് പ്രവേശന പരീക്ഷ രണ്ട് മണിക്കൂര്‍ മാത്രമാണെന്നും ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയത് തെറ്റായിപ്പോയെന്നുമാണ് കുട്ടികളുടെ മാതാപിതാക്കള്‍ യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ വിവരം ലഭിച്ചത്. അബദ്ധം തിരിച്ചറിഞ്ഞ് ഓരോ പരീക്ഷ സെന്ററിലും സമയം വ്യക്തമാക്കിക്കൊണ്ട് അനൗണ്‍സ് ചെയ്യാനും നിര്‍ദേശിച്ചിരുന്നെന്നും യൂനിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍, കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാർഥികള്‍ക്ക് ഇത്തരം അനൗണ്‍സ്‌മെന്റ് ലഭിച്ചിരുന്നില്ലെന്നാണ് പറയുന്നത്.
പലരും കണക്ക് വിഷയം മാത്രം എഴുതി പൂര്‍ത്തിയാക്കുന്നതിനിടെയാണ് സമയം കഴിഞ്ഞതായി അറിയിക്കുന്നത്. നിരവധി വിഷയങ്ങളില്‍ പരീക്ഷയുള്ളതിനാല്‍ തെറ്റിപ്പോയെന്നാണ് യൂനിവേഴ്‌സിറ്റിയുടെ വിശദീകരണം. പരീക്ഷ റദ്ദാക്കി മറ്റൊരു ദിവസം നിശ്ചിതസമയം വ്യക്തമാക്കി പരീക്ഷ നടത്തണമെന്നാണ് ഒരു വിഭാഗം രക്ഷിതാക്കളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സർവകലാശാലക്ക് പരാതി നല്‍കി.
കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലും സെന്‍ററുകളുണ്ടായിരുന്നു. ഹാൾ ടിക്കറ്റിൽ വന്ന പിശകായിരുന്നുവെന്നും ഇത് മനസ്സിലാക്കിയ ഉടൻ വിവരം വിദ്യാർഥികൾക്ക് മെയിൽ വഴിയും എല്ലാ സെൻററുകളിലും അറിയിപ്പ് നൽകിയിരുന്നുവെന്നും രജിസ്ട്രാർ ഡോ. വി.മീര പറഞ്ഞു.