Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതളിപ്പറമ്പിൽ അട്ടിമറി?...

തളിപ്പറമ്പിൽ അട്ടിമറി? പയ്യന്നൂരിൽ തുടരും; ധർമടത്തും മട്ടന്നൂരിലും എൽ.ഡി.എഫ് ഭൂരിപക്ഷം കുറയും

text_fields
bookmark_border
Kerala Assembly Election
cancel

കണ്ണൂർ: കമ്യൂണിസ്റ്റുകാർ നേരിട്ട് ഏറ്റുമുട്ടിയ തളിപ്പറമ്പും പയ്യന്നൂരും എന്താവുമെന്ന ചോദ്യങ്ങളാണ് എങ്ങും. സി.പി.എം പാട്ടുംപാടി ജയിക്കുന്ന രണ്ട് മണ്ഡലങ്ങളിൽ അടുത്തകാലം വരെ ഇത്തരമൊരു ചോദ്യത്തിനേ പ്രസക്തിയുണ്ടായിരുന്നില്ല. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി.ഐ. മധുസൂദനനും മുൻ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനും ഏറ്റുമുട്ടിയ പയ്യന്നൂരിൽ 20,000 വോട്ടിന് എങ്കിലും ജയിക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ തവണ അരലക്ഷത്തോളം വോട്ടിന് ജയിച്ച മണ്ഡലത്തിലാണ് 20,000ന്റെ ലീഡിൽ ജയിക്കുമെന്ന നിഗമനത്തിൽ എത്തുന്നത്. അപ്പോൾതന്നെ, കാര്യമായ മത്സരം മണ്ഡലത്തിലുണ്ടായെന്ന് സി.പി.എം സമ്മതിക്കുന്നു. എത്ര വലിയ അടിയൊഴുക്ക് ഉണ്ടായാലും നേരിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് പ്രാദേശിക കമ്മിറ്റികൾ ജില്ല നേതൃത്വത്തിന് നൽകിയ ഉറപ്പ്. എന്നാൽ, ഇത് പൂർണമായും തള്ളുകയാണ് വി. കുഞ്ഞികൃഷ്ണൻ. യു.ഡി.എഫ് തങ്ങളുടെ മുഴുവൻ വോട്ടുകളും ഉറപ്പാക്കിയാൽ സി.പി.എമ്മിൽനിന്ന് മറിക്കുന്ന വോട്ടിലൂടെ ജയിക്കുമെന്നാണ് കുഞ്ഞികൃഷ്ണൻ യു.ഡി.എഫ് പ്രവർത്തകരോട് പറയുന്നത്. പയ്യന്നൂർ നഗരസഭയിൽ ആദ്യമായി കമ്യൂണിസ്റ്റ് വിമതൻ ജയിച്ച് കൗൺസിലറായപോലെ അത്ഭുതം സൃഷ്ടിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ അവകാശ വാദം.

തോൽവി ഉറപ്പായതിനാലാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കുഞ്ഞികൃഷ്ണൻ പറയുന്ന ഉറപ്പിലാണ് യു.ഡി.എഫിന്റെ വിശ്വാസം. മണ്ഡലത്തിലെ വോട്ട് കണക്കുപ്രകാരം യു.ഡി.എഫിന് വലിയ ആത്മവിശ്വാസം ഒന്നുമില്ല. കള്ളവോട്ടും ഓപൺവോട്ടുമായി സി.പി.എം കുറേ വോട്ട് നേടിയെന്നാണ് യു.ഡി.എഫ് വിശ്വസിക്കുന്നത്. തളിപ്പറമ്പിൽ വലിയ ആത്മവിശ്വാസമാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ പ്രകടിപ്പിക്കുന്നത്. ആന്തൂർ നഗരസഭ ഒഴികെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും തനിക്ക് കാര്യമായ വോട്ട് ലഭിച്ചെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ‘‘10000 മുതൽ 12000 വോട്ടിന് തളിപ്പറമ്പ് മണ്ഡലം ഇത്തവണ പിടിച്ചിരിക്കും. ആന്തൂർ നഗരസഭയിലാകും എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്യാമളക്ക് ഭൂരിപക്ഷമുണ്ടാകുക. തളിപ്പറമ്പ് നഗരസഭയിൽ തനിക്ക് ലഭിക്കുന്ന വോട്ടിലൂടെ ആന്തൂരിലെ മേൽക്കൈ മറികടക്കാനാവും. മലപ്പട്ടം, പരിയാരം പഞ്ചായത്തുകളിലും തനിക്ക് വോട്ട് കിട്ടും. കൃത്യമായ കണക്കുകൾ ബൂത്തുകളിൽനിന്ന് വരുന്നതേയുള്ളൂ. തളിപ്പറമ്പ് ജയിച്ചിരിക്കും’’- ടി.കെ. ഗോവിന്ദൻ സംശയമൊന്നുമില്ലാതെ ഉറപ്പിക്കുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ കൂടിയായ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ മണ്ഡലത്തിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ടി.കെ. ഗോവിന്ദൻ സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗത്വം രാജിവെച്ചാണ് യു.ഡി.എഫ് സ്ഥാനാർഥിയായത്. 2021ൽ എൽ.ഡി.എഫിലെ എം.വി. ഗോവിന്ദന് 92,870 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിലെ വി.പി. അബ്‌ദുൽ റഷീദിന് 70,181 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് 13,058 വോട്ടും ലഭിച്ചു. യു.ഡി.എഫ് വോട്ടുകൾക്കു പുറമെ ബി.ജെ.പിക്ക് കിട്ടേണ്ട കുറച്ച് വോട്ടുകൾ ഇത്തവണ ടി.കെ. ഗോവിന്ദന് കിട്ടിയേക്കാം. ഇത്തരം സൂചനകൾ വെച്ച് നോക്കിയാൽ തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന് നേരിയ മേൽക്കൈ സാധ്യതയുണ്ട്.

എന്നാൽ, ആളുകളുടെ മനസ്സിലുള്ളത് എന്തെന്ന് അറിയില്ലെന്നും കണക്കുകൾ പ്രകാരം പി.കെ. ശ്യമാള ജയിക്കുമെന്നും മുതിർന്ന സി.പി.എം നേതാവ് പ്രതികരിച്ചു. ‘‘പാർട്ടിയിൽ ഏറെ പ്രശ്നങ്ങളുണ്ടായിരുന്നു എന്നത് ശരിതന്നെ. ഒരു പരിധി വരെ അത് പരിഹരിച്ചതുമാണ്. ഭൂരിപക്ഷമൊന്നും പ്രവചിക്കാനില്ല. ശ്യാമള ജയിക്കുമെന്നാണ് ബൂത്ത് അടിസ്ഥാനത്തിൽ ലഭിച്ച കണക്കുകൾ വ്യക്തമാക്കുന്നത്’’ അദ്ദേഹം മാധ്യമത്തോട് വ്യക്തമാക്കി. കണ്ണൂർ ജില്ലയിൽ കണ്ണൂർ, പേരാവൂർ, ഇരിക്കൂർ, അഴീക്കോട് മണ്ഡലങ്ങളാണ് യു.ഡി.എഫ് ജയമുറപ്പിക്കുന്നത്. അഴീക്കോട് കടുത്ത മത്സരമാണെന്നും എങ്കിലും 3000 മുതൽ 5000വരെ വോട്ടിന് ജയിക്കാനാണ് സാധ്യതയെന്നും ഇവർ വിശദീകരിക്കുന്നു. മുസ്‍ലിം ലീഗിലെ ജയന്തി രാജനിലൂടെ കൂത്തുപറമ്പും പിടിക്കാനുള്ള സാധ്യതയും യു.ഡി.എഫ് കാണുന്നു.

എന്നാൽ 11 മണ്ഡലങ്ങളിൽ നിലവിലുള്ളതുപോലെ ഒമ്പത് സീറ്റ് കിട്ടുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. സണ്ണി ജോസഫിൽനിന്ന് പേരാവൂർ കെ.കെ. ശൈലജ തിരിച്ചുപിടിക്കുമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽനിന്ന് കണ്ണൂർ ടി.ഒ. മോഹനൻ പിടിക്കുമെന്ന വ്യത്യാസമേയുള്ളൂവെന്നും മുന്നണി കണക്കുകൂട്ടുന്നു. ‘‘പേരാവൂരിൽ ഏതാനും എസ്.ഡി.പി.ഐ വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായിട്ടുണ്ട്. ബി.ഡി.ജെ.എസ് സ്ഥാനാർഥി ആയതിനാൽ ബി.ജെ.പിക്ക് കിട്ടേണ്ട വോട്ടുകളും മറിഞ്ഞെന്ന് കേൾക്കുന്നു. ഇതെല്ലാം ഉണ്ടെങ്കിലും സണ്ണി ജോസഫ് പതിനായിരം വോട്ടിന് ജയിക്കുമെന്നും ഭരണമാറ്റത്തിലൂടെ മന്ത്രി സാധ്യത അതിന് വലിയ കാരണമായി’’ യൂത്ത് കോൺഗ്രസ് നേതാവ് പ്രതികരിച്ചു.

പയ്യന്നൂരിലും തളിപ്പറമ്പിലും ഉണ്ടായ ഉയർന്ന പോളിങ് യു.ഡി.എഫിന് അനുകൂലമാവാൻ തന്നെയാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടത്ത് കഴിഞ്ഞ തവണത്തേത് പോലുള്ള അരലക്ഷം ഭൂരിപക്ഷം ഇത്തവണയുണ്ടാകില്ലെന്നതും ഉറപ്പ്. കെ.കെ. ശൈലജക്ക് മട്ടന്നൂരിൽ കഴിഞ്ഞ തവണ ലഭിച്ച 60000ൽ പരം ഭൂരിപക്ഷം ഇത്തവണ വി.കെ. സനോജിനും ലഭിക്കില്ല. കല്യാശ്ശേരിയിലും തലശ്ശേരിയിലുമാവും സി.പി.എമ്മിന് വലിയ പരിക്കില്ലാത്ത ഭൂരിപക്ഷത്തിന് സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFPinarayi VijayanKerala Assembly Election 2026
News Summary - Tight Fight in Taliparamba and Payyannur; LDF majority will decrease in Dharmadat and Mattannur
Next Story