ചിറ്റാറിൽ കിണറ്റിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി
text_fieldsമയക്കുവെടിവെച്ച് കടുവയെ കരക്ക് കയറ്റിയപ്പോൾ
പത്തനംതിട്ട: ചിറ്റാർ വയ്യാറ്റുപുഴയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. 11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ കൂട്ടിലാക്കിയത്. ഏകദേശം മൂന്ന് വയസ്സുള്ള കടുവ ആരോഗ്യവാനാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനെ ഗവി വനത്തിൽ തുറന്നുവിടും.
ചൊവ്വാഴ്ച പുലർച്ച അഞ്ചോടെയാണ് വയ്യാറ്റുപുഴ വില്ലൂന്നിപ്പാറ കൊല്ലംപറമ്പിൽ സദാശിവന്റെ വീടിന് സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ കടുവയെ കണ്ടെത്തിയത്. ഏഴ് മീറ്ററിലേറെ ആഴമുള്ള കിണറ്റിൽ വെള്ളവുമുണ്ടായിരുന്നു. ആരോഗ്യവാനായ കടുവയായതിനാൽ പുറത്തേക്ക് ചാടാൻ സാധ്യതയുണ്ടെന്ന് കണ്ടതോടെ ഇവർ കിണർ വലയിട്ട് മൂടി.
തുടർന്ന് മയക്കുവെടിവെക്കാനുള്ള സംഘവുമെത്തി. എന്നാൽ, രണ്ട് മീറ്ററോളം വെള്ളമുള്ളതിനാൽ മയക്കുവെടിവെക്കുന്നത് കടുവയുടെ ജീവന് ഭീഷണിയാകുമെന്നതിനാൽ ജലം വറ്റിക്കാൻ തീരുമാനിച്ചു. കിണറ്റിലെ പമ്പ് സെറ്റ് കടുവ കടിച്ച് നശിപ്പിച്ചതിനാൽ ആദ്യശ്രമം പാളി. തുടർന്ന് വലിയ ഇരുമ്പ് പൈപ്പ് ഇറക്കിയശേഷം ഇതിലൂടെ പ്ലാസ്റ്റിക്ക് പൈപ്പ് കടത്തി വിട്ടശേഷമാണ് വെള്ളംവറ്റിച്ചത്.
തുടർന്ന് കടുവയെ വലക്കുള്ളിൽ കയറ്റി മുകളിലേക്ക് ഉയർത്തിയ ശേഷം മയക്കുവെടിവെക്കുകയായിരുന്നു. തേക്കടിയിൽനിന്നുമെത്തിയ വനംവകുപ്പ് ആർ.ആർ.ടി സംഘമാണ് വെടിയുതിർത്തത്. ഇവിടെനിന്ന് ചിറ്റാർ വനംവകുപ്പ് ഓഫിസിലെത്തിച്ച് വൈദ്യപരിശോധന നടത്തി. കടുവയെ ഗവി വനത്തിൽ തുറന്ന് വിടാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

