കടുവകളുടെ സാന്നിധ്യം: വയനാട്ടിൽ തെരച്ചില്‍ തുടരും, 1000 കാമറകള്‍ സ്ഥാപിക്കും
text_fieldsകൽപറ്റ: കടുവകളുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാന്‍ വയനാട് ജില്ലയിലെ വനമേഖലയില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വ്യാപകമായ തെരച്ചില്‍ നടത്തുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. മാനന്തവാടി ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നരഭോജിയായ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയെങ്കിലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് വനം വകപ്പ് ഊര്‍ജ്ജിതമായ തെരച്ചില്‍ തുടരുന്നത്. നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലായി ആറു മേഖലകളായി തിരിച്ചാണ് പ്രത്യേക ടീം തെരച്ചില്‍ നടത്തുക. കടുവ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളും ഇതില്‍പ്പെടും. സര്‍ക്കാര്‍ ജനങ്ങളോടൊപ്പമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അടിക്കാടുകള്‍ വെട്ടിമാറ്റും
വനാതിര്‍ത്തികളിലെ അടിക്കാടുകള്‍ വെട്ടിമാറ്റുന്നത് ഊര്‍ജ്ജിതമാക്കും. സ്വകാര്യതോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിമാറ്റാത്ത തോട്ടം ഉടമകള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. വനത്തിന് പുറത്തുള്ള വന്യ മൃഗങ്ങളുടെ സാന്നിദ്ധ്യത്തിന് കാരണമാകുന്ന അടിക്കാടുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വെട്ടിമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കും. വനാതിര്‍ത്തികളില്‍ സോളാര്‍ ഹാങ്ങിങ്ങ് ഫെന്‍സിങ്ങ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. നബാര്‍ഡിന്റെ സഹായത്തോടെ 15 കോടിയുടെ ഫെന്‍സിങ്ങ് നിര്‍മ്മാണ ജോലികള്‍ ജില്ലയില്‍ നടപ്പാക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേനയും ഫണ്ട് ലഭ്യമാക്കും.
1000 ക്യാമറകള്‍ സ്ഥാപിക്കും
വന്യ മൃഗങ്ങളുടെ സാന്നിദ്ധ്യവും നീക്കവും മനസ്സിലാക്കുന്നതിനായി 1000 ലൈവ് ക്യാമറകള്‍ സ്ഥാപിക്കും. കര്‍ഫ്യു കാരണം തൊഴില്‍ നഷ്ടപ്പെട്ട പ്രിയദര്‍ശിനി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട ദിനങ്ങളിലെ വേതനം നല്‍കുന്നതിന് ജില്ലാ കളക്റ്ററെ ചുമതലപ്പെടുത്തി
കേന്ദ്ര സഹായം ലഭിക്കുന്നില്ല
സംസ്ഥാനത്തെ വന്യജീവി സംഘര്‍ഷം ഇല്ലാതാക്കുന്നതിനും മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി 620 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാറിന് സമര്‍പിച്ചിട്ടുണ്ട്. അഞ്ച് തവണ കേന്ദ്ര മന്ത്രിയെ കണ്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല. വനമേഖലയില്‍ മൃഗങ്ങള്‍ക്കാവശ്യമായ വെള്ളം ലഭിക്കുന്നതിന് 300 ചെറുകുളങ്ങള്‍ നിര്‍മ്മിക്കും. ഇന്റര്‍സ്റ്റേറ്റ് മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ പ്രവര്‍ത്തനം ശക്തമാക്കും. കടുവാ ആക്രമണത്തില്‍ മരണപ്പെട്ട രാധയുടെ കുടുംബത്തിനുള്ള ബാക്കി ധന സഹായം രണ്ട് ദിവസത്തിനകം നല്‍കും. നിലവിലുള്ള വനനിയമം കാലഹരണപ്പെട്ടതാണ്. കാലോചിതമായി ഇത് പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ല കലക്ടർ ഡി.ആര്‍. മേഘശ്രീ, ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, മെമ്പര്‍ ഉഷാകേളു, ഡി.എഫ്.ഒമാരായ മാര്‍ട്ടിന്‍ ലോവല്‍, അജിത് കെ. രാമന്‍, അസി. കണ്‍സര്‍വേറ്റര്‍ വൈല്‍ഡ് ലൈഫ് സജ്‌ന കരീം, എ.ഡി.സി.എഫ്, സൂരജ്ബെന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

