പിടിതരാതെ കടുവ; പതിനെട്ടടവും പയറ്റി വനംവകുപ്പ്
text_fieldsവടശ്ശേരിക്കര: കടുവയെ പിടികൂടാന്‍ പതിനെട്ടടവും പയറ്റി വനംവകുപ്പ്. ജനവാസ മേഖലയില്‍ ആശങ്കയുണര്‍ത്തി കടുവയുടെ സാന്നിധ്യം കണ്ടെത്തി ദിവസങ്ങൾ കഴിഞ്ഞെങ്കിലും കടുവയെ പിടികൂടാനുള്ള പരിശ്രമം തുടരുന്നതല്ലാതെ ഫലമില്ല. ഏറ്റവുമൊടുവിൽ ഞായറാഴ്ച രാവിലെ പേഴുംപാറ പത്താം ബ്ലോക്കിന് സമീപം അലങ്കാരത്ത് അബ്ദുൽ അസീസ് എന്നയാൾ കടുവയെ കണ്ടതായി പറയുന്നെങ്കിലും തിരച്ചിലിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. മയക്കുവെടി വിദഗ്ധരും കുങ്കിയാനയും ഷാര്‍പ്പ് ഷൂട്ടര്‍മാരുമടങ്ങുന്ന സംഘം ദിവസങ്ങളായി പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലം കാണാത്തതു നാട്ടുകാരിൽ ആശങ്ക പടർത്തുന്നു.
ഞായറാഴ്ച പല സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍. വനംവകുപ്പിെൻറ റാന്നി, കോന്നി, പുനലൂര്‍, തിരുവനന്തപുരം, അച്ചന്‍കോവില്‍, പെരിയാര്‍, എരുമേലി തുടങ്ങിയ ഡിവിഷനിലെ അംഗങ്ങളും റാന്നി, വയനാട്, തേക്കടി യൂനിറ്റിലെ ദ്രുതകര്‍മ സേനാഗംങ്ങളും അടങ്ങിയ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. തണ്ണിത്തോട് മുതല്‍ വടശ്ശേരിക്കര ബൗണ്ടറി വരെയുള്ള 13കിലോമീറ്റര്‍ ദൂരം അരിച്ച്പെറുക്കിയ ടീമിന് നിരാശയായിരുന്നു ഫലം.തണ്ണിത്തോട് ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തി ഒരാഴ്ച പിന്നിടുേമ്പാഴും ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാന്‍ കഴിയാത്തത് വനംവകുപ്പിന് വെല്ലുവിളി ആകുന്നുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ചു ജനവാസ മേഖലകളില്‍ കടുവ സഞ്ചാരം തുടരുകയാണെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇവയിലൊന്നുംതന്നെ വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. മേടപ്പാറയിലേതും മണിയാറിലേതുമൊഴികെ കടുവയെ കണ്ടെന്ന മറ്റെല്ലായിടത്തുംനിന്നുമുള്ള അവകാശവാദങ്ങളും വനംവകുപ്പ് അധികൃതർ പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. റബര്‍തോട്ടങ്ങളിലെ അടിക്കാടുവെട്ടി തെളിക്കാത്തതും കടുവയെ കണ്ടെത്താന്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
മണിയാറില്‍ കൊന്ന പശുക്കിടാവിെൻറ ശരീരത്തില്‍ നഖം ഉപയോഗിച്ച് ആക്രമിച്ച മുറിവുകളാണുണ്ടായിരുന്നത്. പല്ലുകൊണ്ടുള്ള മുറിവില്ലാത്തതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കടുവക്കുണ്ടെന്ന നിഗമനവും ദൗത്യ സംഘത്തിനുണ്ട്.
കണ്ടെത്തിയാല്‍ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉദ്യമത്തില്‍ തന്നെയാണ് വനംവകുപ്പ്. നാട്ടിലിറങ്ങിയ കടുവക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്ന വിദഗ്ധരുടെ വാദം ശരിയാണെങ്കിൽ കടുവക്ക് പതുങ്ങിക്കിടക്കാനുള്ള സ്ഥലം ഇവിടങ്ങളിൽ ആവോളമുണ്ട്. നിരോധനാജ്ഞയും മറ്റും നിലനിൽക്കുന്നതിനാൽ ടാപ്പിങ് തൊഴിലാളികൾക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും പണിയെടുക്കാപോലും കഴിയാത്ത അവസ്ഥയാണുള്ളത്.
സ്ഥിതി ഇത്ര രൂക്ഷമായിട്ടും ശനിയാഴ്ച കൂടിയ വടശ്ശേരിക്കര പഞ്ചായത്ത് കമ്മിറ്റിയിൽ കടുവ പ്രശനം അജണ്ടയായി വരാത്തതും നാട്ടുകാരുടെ സുരക്ഷക്കുള്ള മുൻകരുതലുകൾ ചർച്ചക്ക് വരാത്തതും നാട്ടുകാരിൽ കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
